സണ്‍റൈസേഴ്‌സിനെ ബാറ്റര്‍മാര്‍ കൈവിട്ടു; ജയം പഞ്ചാബ് കിങ്‌സിനൊപ്പം

ഐപിഎല്ലില്‍ ചെറിയ സ്‌കോറുകളുടെ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് സണ്‍റൈസേഴ്സ് ഹൈദരാബാദ് സുല്ലിട്ടു. അഞ്ച് റണ്‍സിന് പഞ്ചാബ് കിങ്‌സിന്റെ ജയം. പഞ്ചാബ് ടീം മുന്നില്‍വച്ച 126 എന്ന ലക്ഷ്യം തേടിയ സണ്‍റൈസേഴ്സ് 7 വിക്കറ്റിന് 120ല്‍ ഒതുങ്ങി. സ്‌കോര്‍- പഞ്ചാബ്: 125/7(20ഓവര്‍.) സണ്‍റൈസേഴ്‌സ്-120/7 (20).

ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ച് സണ്‍റൈസേഴ്സിനെയും വലച്ചെന്നു പറയാം. വൃദ്ധിമാന്‍ സാഹ (31), ജാസണ്‍ ഹോള്‍ഡര്‍ (47 നോട്ടൗട്ട്) എന്നിവര്‍ മാത്രമേ സണ്‍റൈസേഴ്സ് നിരയില്‍ പൊരുതിയുള്ളൂ. ഡേവിഡ് വാര്‍ണര്‍ (2), നായകന്‍ കെയ്ന്‍ വില്യംസണ്‍ (1), മനീഷ് പാണ്ഡെ (13), കേദാര്‍ ജാദവ് (12) തുടങ്ങിയവര്‍ പരാജയപ്പെട്ടു. വാര്‍ണറും വില്യംസണും മുഹമ്മദ് ഷമിക്ക് കീഴടങ്ങി. ഹോള്‍ഡര്‍ അവസാന ഓവര്‍ വരെ പിടിച്ചു നിന്നെങ്കിലും പഞ്ചാബിന്റെ കണിശതയുള്ള ബോളിംഗിനെ മറികടക്കാന്‍ സാധിച്ചില്ല. രവി ബിഷ്‌ണോയിയാണ് മൂന്നു വിക്കറ്റുമായി പഞ്ചാബിന്റെ ബൗളിംഗിനെ നയിച്ചത്.

നേരത്തെ, എയ്ദന്‍ മര്‍ക്രാം (27) പഞ്ചാബിന്റെ ടോപ് സ്‌കോററായി. രാഹുല്‍ (21), ഹര്‍പ്രീത് ബാര്‍ (18*) എന്നിവര്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ജാസണ്‍ ഹോള്‍ഡറിന് മൂന്ന് വിക്കറ്റ്. സന്ദീപ് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍ എന്നിവര്‍ എസ്ആര്‍എച്ചിനായി ഓരോ ഇരകളെ വീതം കണ്ടെത്തി.