ഡബിള്‍ സെഞ്ച്വറിയുമായി ഞെട്ടിച്ച് അത്ഭുത ഷാ, വെടിക്കെട്ട് സെഞ്ച്വറിയുമായി സുര്യകുമാര്‍ യാദവ്

രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറിയുമായി ഞെട്ടിച്ച് പൃഥ്വി ഷാ. ബറോഡയ്‌ക്കെതിരെയാണ് മുംബൈ താരം ഇരട്ട സെഞ്ച്വറി തികച്ചത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട പൃഥി ഷായുടെ ടെസ്റ്റിലുളള തിരിച്ചു വരവ് മത്സരം കൂടിയായിരുന്നു ഇത്.

179 പന്തില്‍ നിന്ന് 19 ഫോറിന്റേയും ഏഴ് സിക്സിന്റേയും അകമ്പടിയോടെയാണ് പൃഥ്വി ബറോഡയ്ക്കെതിരെ ഇരട്ട ശതകം തൊട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പൃഥ്വിയുടെ ആദ്യ ഇരട്ടശതകമാണ് ഇത്. ആദ്യ ഇന്നിംഗ്സില്‍ 62 പന്തില്‍ നിന്ന് 66 റണ്‍സ് എടുത്താണ് പൃഥ്വി പുറത്തായത്.

നേരത്തെ സിക്സ് പറത്തിയായിരുന്നു പൃഥ്വി സെഞ്ച്വറിയിലേക്ക് എത്തിയത്. 84 പന്തില്‍ നിന്നായിരുന്നു 110ന് മുകളില്‍ സ്ട്രൈക്ക് റേറ്റ് നിര്‍ത്തി പൃഥ്വി സെഞ്ച്വറി കുറിച്ചത്.

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്സുകളാണ് പൃഥ്വി കളിച്ചത്. അതില്‍ അഞ്ചിലും 30ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തി. മൂന്ന് അര്‍ദ്ധശതകവും മുംബൈയ്ക്ക് വേണ്ടി പൃഥ്വി നേടിയിരുന്നു.തന്റെ 400 എന്ന ടെസ്റ്റ് സ്‌കോറിന് ഒപ്പമെത്താന്‍ സാധിക്കുന്ന രണ്ട് ക്രിക്കറ്റ് താരങ്ങളില്‍ ലാറ പറഞ്ഞ ഒരു പേര് പൃഥ്വിയുടേതായിരുന്നു.

പൃഥിയുടെ മികവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെടുത്തു. പൃഥിയെ കൂടാതെ സൂര്യകുമാര്‍ യാദവ് മുംബൈയ്ക്കായി സെഞ്ച്വറി നേടി. 70 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതമായിരുന്നു പുറത്താകാതെയുളള സുര്യകുമാറിന്റെ ഇന്നിംഗ്‌സ്.