ദക്ഷിണാഫ്രിക്കയില്‍ ബംഗ്‌ളാദേശ് ചരിത്രമെഴുതി ; കണ്ടു പഠിക്കാന്‍ ലക്‌നൗ നായകന്‍ കെ. എല്‍ രാഹുലിന് ട്രോളുകള്‍

ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണില്‍ ചെന്ന് തോല്‍പ്പിച്ച ബംഗ്‌ളാദേശ് ചരിത്രവിജയം നേടിയതിന് ട്രോളുകള്‍ പായുന്നത്് ഇന്ത്യന്‍ സൂപ്പര്‍താരവും ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ജയന്റ് നായകനുമായ കെഎല്‍ രാഹുലിന് നേരെ. മൂന്ന് ഏകദിനത്തില്‍ രണ്ടെണ്ണവും വിജയിച്ച് ക്രിക്കറ്റ് പരമ്പര ബംഗ്‌ളാദേശ് കഴിഞ്ഞ ദിവസമാണ് നേടിയത്. ഇതോടെ ബംഗ്‌ളാദേശിനെ കണ്ടു പഠിക്കാനാണ് കെ എല്‍ രാഹുലിനോട് വിമര്‍ശകര്‍ പറയുന്നത്. ബംഗ്‌ളാദേശിന്റെ പര്യടനത്തിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കയില്‍ പരമ്പരയ്ക്ക് പോയ ഇന്ത്യന്‍ ടീം എട്ടു നിലയില്‍ പൊട്ടിയിരുന്നു.

കെ.എല്‍. രാഹുല്‍ നയിച്ച ടീമിനെ 3-0 നായിരുന്നു ദക്ഷിണാഫ്രിക്ക തകര്‍ത്തുവിട്ടത്. എന്നാല്‍ ആ സ്ഥാനത്ത് ഇന്ത്യയേക്കാള്‍ വളരെ ദുര്‍ബ്ബലരായ ബംഗ്‌ളാദേശ് ആദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പരനേട്ടം നടത്തുകയും ചെയ്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്്. സെഞ്ചുറിയനില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 38 റണ്‍സിന് ജയിച്ച ബംഗ്‌ളാദേശ് രണ്ടാമത്തെ മത്സരത്തില്‍ ജോഹന്നാസ് ബര്‍ഗില്‍ ഏഴുവിക്കറ്റിന് വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്്. എന്നാല്‍ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്തു.

ഈ മത്സരത്തില്‍ വെറും 37 ഓവറില്‍ 157 ന് ദക്ഷിണാഫ്രിക്കയെ ബംഗ്‌ളാദേശ് പുറത്താക്കിയിരുന്നു. ഫാസ്റ്റ് ബൗളര്‍ ടസ്‌ക്കിന്‍ അഹമ്മദാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 35 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് വീഴ്ത്തിയത്. അരങ്ങേറ്റത്തില്‍ തന്നെ പരമ്പരയുടെ താരമാകാനും അഹമ്മദിന് കഴിഞ്ഞു. ടസ്‌കിന്റെ മികവ് കണ്ട് കെഎല്‍ രാഹുലിന്റെ ഐപിഎല്‍ ടീമായ ലക്‌നൗ സൂപ്പര്‍ ജൈന്റ്‌സ് അദ്ദേഹത്തെ ഐപിഎല്ലില്‍ കളിക്കാന്‍ ടീമിലേക്ക് ക്ഷണിച്ചെങ്കിലും താരത്തിന് ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കിയില്ല. ബിസിബിയുമായി താരം തര്‍ക്കിക്കാനും നിന്നില്ല. തീരുമാനം അംഗീകരിക്കുകയും ദക്ഷിണാഫ്രിക്കയില്‍ ടീമിനൊപ്പം തുടരുകയും അവരെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയുമായിരുന്നു.