ഓസീസിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യയ്ക്ക് അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു

ഇന്ത്യയുടെ പ്രീമിയര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും നഷ്ടമായേക്കും. അവസാന രണ്ട് ടെസ്റ്റുകളില്‍ ബുംറ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ആരാധകര്‍ ഇരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

പരമ്പരയില്‍ ബുംറ യോഗ്യനാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. താരം ഐപിഎല്‍ 2023-ന് മുമ്പ് ഒരു തിരിച്ചുവരവ് നടത്താനാണ് സാധ്യത. ബുംറ ഇപ്പോള്‍ നടുവിലെ സ്‌ട്രെസ് ഫ്രാക്ചറില്‍ നിന്ന് കരകയറുകയാണ്. നിലവില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ബുംറയെ ഉള്‍പ്പെടുത്തിയിട്ടില്ല.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമില്‍ ബുംഫ ഇടംപിടിച്ചെങ്കിലും പരിക്ക് പൂര്‍ണമായും വിട്ടുമാറിയില്ലെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്‍വലിച്ചിരുന്നു. അടുത്തിടെ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നെറ്റ്‌സില്‍ ബൗളിംഗിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 100% മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഇനിയും ഒരു മാസം എടുക്കുമെന്നാണ് അറിയുന്നത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള നാല് മത്സര ടെസ്റ്റ് പരമ്പരയും 2021-23 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ്. ജൂണില്‍ നടക്കുന്ന ഡബ്ല്യുടിസി ഫൈനലിന് യോഗ്യത നേടണമെങ്കില്‍ പരമ്പര നേടണമെന്ന് ഇരിക്കെ ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 9ന് നാഗ്പൂരില്‍ ആരംഭിക്കും. അവസാന രണ്ട് ടെസ്റ്റുകള്‍ മാര്‍ച്ചിലെ ആദ്യ രണ്ടാഴ്ചയിലുടനീളം നടത്താനാണ് ഉദ്ദേശിക്കുന്നത്.