ക്രിക്കറ്റ് ഇതിഹാസത്തെ നാണം കെടുത്തി എച്ച്‌സിഎ; തിരിച്ചടിച്ച് താരം; സ്റ്റേഡിയത്തിന് പുറത്ത് നടന്നത് നാടകീയ രംഗങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പത്തുവര്‍ഷത്തോളം നയിച്ച മുഹമ്മദ് അസ്ഹറുദ്ധീനെ നാണം കെടുത്തി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍. അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിന് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെത്തിയ അസ്ഹറുദ്ദീനെ സ്‌റ്റേഡിയത്തിന് പുറത്ത് തടഞ്ഞുവെച്ചു. ഒരു മണിക്കൂറോളം സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന അസ്ഹറുദ്ദീന്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ മടങ്ങുകയായിരുന്നു.

ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ പുതിയ തീരുമാനങ്ങളനുസരിച്ച് യോഗം ചേരുന്നതിനിടെയാണ് അസ്ഹര്‍ പങ്കെടുക്കുന്നതിനെ സംബന്ധിച്ച് ആശങ്കകളുയര്‍ന്നത്. ബിസിസിഐ വിലക്കുന്നത് വരെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ തനിക്കും പങ്കെടുക്കാമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും തന്നെ തടയാന്‍ സാധിക്കില്ലെന്നും തിരിച്ചടിച്ചാണ് താരം മടങ്ങിയത്. അതേസമയം, അസ്ഹറിനെ തടയാന്‍ നിര്‍ദേശം നല്‍കിയ എച്ച്‌സിഎ പ്രസിഡന്റ് വിവേകാന്ദനെതിരേ കമ്മിറ്റിയംഗങ്ങളും രംഗത്തെത്തി.

ഒരു മണിക്കൂറോളം സ്‌റ്റേഡിയത്തിന് പുറത്ത് കാത്തുനിന്ന തന്നെ പങ്കെടുക്കാന്‍ അനുവദിച്ചില്ല. പത്ത് വര്‍ഷക്കാലം ഇന്ത്യന്‍ ടീമിനെ നയിച്ച തനിക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. അതുകൊണ്ടുതെന്നയാണ് താന്‍ ഇവിടെ എത്തിയതും. യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങുന്നതിന് മുമ്പ അസ്ഹര്‍ പറഞ്ഞു.

ഒട്ടും ജനാധിപത്യപരമല്ല എച്ച്‌സിഎയിലെ കാര്യങ്ങള്‍. കളിക്കും കളിക്കാര്‍ക്കും പ്രതികൂലമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കാനാണ് ഞാന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. കളിക്കാരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യത്തിലും യോജിക്കാനാകില്ല. കാരണങ്ങളില്ലാതെ നിരവധി ലീഗുകളാണ് അസോസിയേഷന്‍ നിര്‍ത്തലാക്കിയത്. അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.

ലോധ കമ്മിറ്റിയുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ തന്നെ അദ്ഭുതപ്പെടുത്തുന്നുണ്ടെന്നും അസ്ഹര്‍ വ്യക്തമാക്കി. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ പക്ഷെ തീരുമാനം കൈകൊള്ളാന്‍ സാധിച്ചില്ല.

https://www.facebook.com/HztTipuSultanShaheedra/videos/1780971541933271/