കപിലുമായി താരതമ്യം ചെയ്യാന്‍ പാണ്ഡ്യ യോഗ്യനല്ല; അസഹ്‌റുദീന്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മൊഹമ്മദ് അസഹ്‌റുദ്ദീന്‍ ഇന്ത്യയുടെ ഇതിഹാസ താരമായ കപില്‍ ദേവിനേയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയേയും തമ്മില്‍ താരതമ്യം ചെയ്യുന്നതിനെതിരെ രംഗത്ത്. അത്തരമൊരു താരതമ്യം ഒരു കാരണവശാലും അനുവദനീയമല്ല എന്നാണ് അസഹ്‌റുദ്ദീന്‍ പറയുന്നത്.

കപില്‍ ദേവ് ഇതിഹാസ താരമാണ്. പാണ്ഡ്യ ആ നിലയിലേക്ക് ഉയര്‍ന്നിട്ടില്ല.ഇനിയൊരു കപില്‍ദേവ് ഇന്ത്യന്‍ ടീമിലുണ്ടാവില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഹാര്‍ദ്ദിക്ക് 93 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ച വച്ചത്. ഇതാണ് പാണ്ഡ്യേയേയും കപിലിനേയും തമ്മില്‍ താരതമ്യം ചെയ്യാനിടയാക്കിയ സംഭവം. എന്തായാലും ഇതിനെതിരെ ശക്തമായ വിയോജിപ്പാണ് അസഹ്‌റുദ്ദീന്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു ദിവസം കപില്‍ 20-25 ഓവറുകള്‍ വരെ എറിയുമായിരുന്നു. ആ കാലഘട്ടത്തില്‍ കപില്‍ കാണിച്ച ആത്മാര്‍ത്ഥതയും പരിശ്രമവും ഇന്നത്തെ ഒരു താരങ്ങള്‍ക്കുമില്ല. അസഹ്‌റുദ്ദീന്‍ വ്യക്തമാക്കി.

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയേക്കുറിച്ചും മുന്‍ നായകന്‍ അഭിപ്രായം പങ്ക് വച്ചു. അവസാന ടെസ്റ്റിലെ ഇന്ത്യയുടെ ജയം ടീമിന് നല്‍കിയ ആശ്വാസമാണ് എന്നും ഇന്ത്യയുടെ മാനം കാക്കുന്ന വിജയമാണ് അവസാനടെസ്റ്റില്‍ ഇന്ത്യ കരസ്ഥമാക്കിയതെന്നും അസഹ്‌റുദ്ദീന്‍ പറഞ്ഞു.