ആധികാരികം ഓസ്‌ട്രേലിയ; ഗെയ്‌ലിനും ബ്രാവോയ്ക്കും ജയമില്ലാതെ മടക്കം

ട്വന്റി20 ലോക കപ്പില്‍ നിലവിലെ ചാമ്പ്യന്‍ വെസ്റ്റിന്‍ഡീസിന് നിരാശയോടെ മടക്കം. സൂപ്പര്‍ 12 ഗ്രൂപ്പ് ഒന്നിലെ തങ്ങളുടെ അവസാന മത്സരത്തില്‍ വിന്‍ഡീസ്, ഓസ്‌ട്രേലിയയോട് എട്ട് വിക്കറ്റിന് മുട്ടുകുത്തി. ഇതോടെ ടി20 ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ക്രിസ് ഗെയ്‌ലിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കും ജയമില്ലാതെ പടിയിറങ്ങേണ്ടിവന്നു. ബ്രാവോ വിരമിക്കല്‍ പ്രഖ്യാപിച്ചുകഴിഞ്ഞപ്പോള്‍ വിന്‍ഡീസ് കുപ്പായത്തില്‍ തന്റെ അവസാന മത്സരം ഇതാകുമെന്ന സൂചന നല്‍കിയാണ് ഗെയ്ല്‍ കളംവിട്ടത്. സ്‌കോര്‍: വിന്‍ഡീസ്-157/7 (20 ഓവര്‍). ഓസീസ്-161/2 (16.2).

വെസ്റ്റിന്‍ഡീസ് നല്‍കിയ വിജയലക്ഷ്യം നിഷ്പ്രയാസമാണ് ഓസ്‌ട്രേലിയ മറികടന്നത്. ഒരോവറില്‍ 10 എന്ന നിലയില്‍ അവര്‍ റണ്‍റേറ്റ് കാത്തുസൂക്ഷിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (9) തുടക്കത്തില്‍ നഷ്ടമായെങ്കിലും അപാര ഫോമിലേക്കുയര്‍ന്ന ഡേവിഡ് വാര്‍ണറും (89 നോട്ടൗട്ട്) മിച്ചല്‍ മാര്‍ഷും (53) കരീബിയന്‍ ബോളര്‍മാരെ അടിച്ചുപറത്തി. അഞ്ച് ഫോറും രണ്ടു സിക്‌സും കുറിച്ച മാര്‍ഷിനെ ക്രിസ് ഗെയ്ല്‍ പുറത്താക്കുമ്പോഴേക്കും ഓസീസ് ജയം ഉറപ്പിച്ചിരുന്നു. വാര്‍ണര്‍ ഒമ്പതു ബൗണ്ടറികളും നാല് സിക്‌സും സ്വന്തം പേരിലെഴുതി അപരാജിതനായി നിന്നു. വിന്‍ഡീസിനായി ഗെയ്‌ലിനു പുറമെ അകീല്‍ ഹുസൈനും ഒരു വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനുവേണ്ടി നായകന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡാണ് പൊരുതിയത്. 31 പന്തില്‍ 44 റണ്‍സ് പൊള്ളാര്‍ഡ് വിന്‍ഡീസ് സ്‌കോറില്‍ സംഭാവന ചെയ്തു. നാല് ഫോറും ഒരു സിക്സും പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് പറന്നു. എവിന്‍ ലൂയിസും (29) ക്രിസ് ഗെയ്ലും (15) ഷിമ്രോണ്‍ ഹെറ്റ്മയറും (27) ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലും (ഏഴ് പന്തില്‍ 18 നോട്ടൗട്ട്, ഒരു ഫോര്‍, രണ്ട് സിക്സ്) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. നാലു വിക്കറ്റുമായി പേസര്‍ ജോഷ് ഹെസല്‍വുഡ് ഓസീസ് ബോളര്‍മാരില്‍ മുമ്പനായി.

മിന്നുന്ന ജയത്തോടെ ഓസ്‌ട്രേലിയ സെമി സാധ്യത വര്‍ധിപ്പിച്ചു. ഒന്നാം ഗ്രൂപ്പില്‍ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കംഗാരുക്കള്‍. ഇന്നത്തെ രണ്ടാം മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് ഓസീസിനെ മറികടന്ന് സെമിയില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.