ഒടുവില്‍ ബംഗളൂരുവിന്റെ രക്ഷകന്‍ വരുന്നു, ഇനി കളി മാറും

ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങി നാണംകെട്ടിരിക്കുന്ന ബംഗളൂരു ടീമിനെ തേടി ആശ്വാസ വാര്‍ത്ത. അവരുടെ ഓസീസ് സ്റ്റാര്‍ പേസര്‍ നഥാന്‍ കോട്ടര്‍നൈല്‍ ഈ മാസം 13-ം തീയതി ടീമിനൊപ്പം ചേരും.

നേരത്തെ പാകിസ്ഥാന്റെ ഓസീസ് പര്യടനം മൂലമാണ് നഥാന്‍ കോട്ടര്‍നൈല്‍ ബംഗളൂരുവിനായി കളിക്കാതിരുന്നത്. പരമ്പരയ്ക്ക് ശേഷം അല്‍പ ദിവസം വിശ്രമം എടുക്കുകയായിരുന്നു താരം. എന്നാല്‍ മറ്റൊരു ഓസീസ് താരം മാര്‍ക്കസ് സ്റ്റോയിനിസ് വിശ്രമം ഒഴിവാക്കി ടീമിനൊപ്പം ചേര്‍ന്നിരുന്നു.

കോട്ടര്‍നൈല്‍ എത്തുന്നതോടെ ബംഗളൂരുവിന്റെ ബൗളിംഗ് ഡിപ്പാര്‍ട്ടുമെന്റ് ശക്തിപ്പെടുമെന്നാണ് കരുതുന്നത്. ഏപ്രില്‍ 13 ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി അദ്ദേഹം ബാംഗ്ലൂര്‍ ടീമില്‍ ചേരും എന്നാണ് സൂചന.

അതേസമയം ടീമിനൊപ്പം ചേര്‍ന്നാലും കോര്‍ട്ട് നൈലിന് അധിക സമയം ബംഗളൂരുവിനായി കളിക്കാനായികില്ല. മെയ് ഒന്നാംതീയതിയോടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും. ലോകകപ്പ് ടീമിലുള്ള താരങ്ങളോട് നേരത്തെ രാജ്യത്തേക്ക് മടങ്ങിയെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിര്‍ദ്ദേശമുള്ളതിനാലാണിത്.