തന്നെ വിറപ്പിച്ച ഇന്ത്യന്‍ ബൗളര്‍ ഇപ്പോള്‍ ടീമിലില്ല, എന്നാല്‍ വിരമിച്ചിട്ടില്ല, വെളിപ്പെടുത്തലുമായി ഫിഞ്ച്

മെല്‍ബണ്‍: തന്റെ എക്കാലത്തേയും മികച്ച ഇന്ത്യന്‍ ബൗളറാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ട്വിറ്ററിലൂടെ മറുപടി നല്‍കുമ്പോഴായിരുന്നു ഫിഞ്ചിന്റെ വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത എന്നാല്‍ ഐപിഎല്ലില്‍ കഴിഞ്ഞ സീസണ്‍ വരെ നേരിട്ട ബൗളറുടെ പേര് ഫിഞ്ച് ഉത്തരമായി പറഞ്ഞത്.

ഇന്ത്യയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിങാണ് തനിക്കു ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ബൗളറെന്നു ഫിഞ്ച് വെളിപ്പെടുത്തി. നിങ്ങളുടെ ഫേവറിറ്റ് ഇന്ത്യന്‍ ബൗളര്‍ ആരെന്നായിരുന്നു ഫിഞ്ചിനോടുള്ള ചോദ്യം. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കെ ഹര്‍ഭജന്‍ സിങിനെ ഏറെ ഇഷ്ടമായിരുന്നു, പ്രത്യേകിച്ചും സ്പിന്നിന് അനുകൂലമായ വിക്കറ്റുകളില്‍ എന്നായിരുന്നു ഫിഞ്ചിന്റെ മറുപടി.

തന്റെ സമകാലികരായ താരങ്ങള്‍ മുഴുവനും ക്രിക്കറ്റിനോടു വിട പറഞ്ഞെങ്കിലും ഹര്‍ഭജന്‍ ഇപ്പോഴും കളി തുടരുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരമാണ് 39 കാരനായ ഹര്‍ഭജന്‍. ഇത്തവണ നടക്കാനിരിക്കുന്ന പുതിയ സീസണിലും അദ്ദേഹം ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു വേണ്ടി 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ ഹര്‍ഭജന്‍ വീഴ്ത്തിയിരുന്നു. 2016ലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി പന്തെറിഞ്ഞത്.

2014ല്‍ നടന്ന എംസിസി ആര്‍ഒഡബ്ല്യു മല്‍സരത്തില്‍ ആര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് കൂടുതല്‍ ആസ്വദിച്ചത് എന്ന ചോദ്യവും ഫിഞ്ച് നേരിട്ടു. ലാറയോ, ടെണ്ടുല്‍ക്കറോ എന്നായിരുന്നു ചോദ്യം. രണ്ടു പേരും എന്നായിരുന്നു ഫിഞ്ചിന്റെ മറുപടി. ലോര്‍ഡ്സില്‍ നടന്ന ചാരിറ്റി മല്‍സരത്തിലായിരുന്നു സച്ചിന്‍, ലാറ തുടങ്ങിയ ബാറ്റിങ് ഇതിഹാസങ്ങള്‍ക്കൊപ്പം ഫിഞ്ച് കളിച്ചത്.