എന്റെ സൂപ്പര്‍ ഹീറോ ആ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍, തുറന്ന് പറഞ്ഞ് ഓസീസ് താരോദയം

ജൊഹാനസ്ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കതിരേ ആദ്യ ടി20യില്‍ 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ഓസ്ട്രേലിയക്ക് നിര്‍ണ്ണായകമായത് ലെഗ് സ്പിന്നര്‍ ആഷ്ടണ്‍ എഗാറുടെ ബൗളിംഗ് പ്രകടനമായിരുന്നു. ഹാട്രിക്കുള്‍പ്പെടെ അഞ്ചു വിക്കറ്റ് കൊയ്ത എഗാറാണ് ഓസീസിന് മിന്നുന്ന വിജയം സമ്മാനിച്ചത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് എഗാറിന്റെ തകര്‍പ്പന്‍ പ്രകടനം.

ഹാട്രിക്കിനു പിന്നില്‍ ഇന്ത്യന്‍ താരമാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് എഗാര്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ആ താരത്തിന്റെ കടുത്ത ആരാധകനാണെന്നും എഗാര്‍ വെളിപ്പെടുത്തി.

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് തന്റെ ഹാട്രിക്കിനു പിന്നിലെന്നു എഗാര്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ ടീം കഴിഞ്ഞ മാസം ഇന്ത്യയില്‍ പര്യടന നടത്തിയിരുന്നു. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്നു ജഡേജയുമായി സംസാരിക്കാന്‍ സാധിച്ചതാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്നു എഗാര്‍ വിശദമാക്കി.

ക്രിക്കറ്റില്‍ തന്റെ ഫേവറിറ്റ് കളിക്കാരനും ജഡേജയാണെന്നു എഗാര്‍ പറഞ്ഞു. ജഡേജയെപ്പോലെ ആവാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിനിടെ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ടു ജഡേജയോട് ഏറെ സംസാരിക്കുകയും ചെയ്തിരുന്നു. ലോകത്തില്‍ ഇപ്പോള്‍ താന്‍ ഏറ്റവുമധികം ആരാധിക്കുന്ന കളിക്കാരനും ജഡേജ തന്നെയാണെന്നു എഗാര്‍ കൂട്ടിച്ചേര്‍ത്തു.

ജഡേജ ശരിക്കുമൊരു റോക്ക്സ്റ്റാര്‍ തന്നെയാണ്. മികച്ച ബാറ്റ്സ്മാന്‍, ഇടിവെട്ട് ഫീല്‍ഡര്‍, പന്ത് സ്പിന്‍ ചെയ്യിക്കുന്ന ബൗളര്‍ തുടങ്ങി എല്ലാത്തിലുംതാരം കേമനാണ്. കളികളത്തിലെത്തിയാല്‍ ജഡേജയുടെ സാന്നിധ്യം പ്രകടവമാവും. തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. സ്പിന്‍ ബൗളിങിനെക്കുറിച്ച് പലതും ജഡേജയുമായി സംസാരിച്ചിരുന്നു. ബാറ്റ് ചെയ്യുമ്പോള്‍ വളരെ പോസിറ്റീവായാണ് ജഡേജ കളിക്കാറുള്ളത്. ഫീല്‍ഡിങിലും ഇതേ ചിന്താഗതി അദ്ദേഹം കൊണ്ടു വരാറുണ്ടെന്നും എഗാര്‍ ചൂണ്ടിക്കാട്ടി.

ആദ്യ ടി20യില്‍ പൊരുതാന്‍ പോലുമാവാതെയായാണ് ഓസ്ട്രേലിയയോടു ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറു വിക്കറ്റിന് 196 റണ്‍സാണ് നേടിയത്. മറുപടിബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 14.3 ഓവറില്‍ വെറും 89 റണ്‍സിന് അവര്‍ ഓള്‍ഔട്ടാകുകയായിരുന്നു.