150 കടന്ന് വാര്‍ണര്‍, എറിഞ്ഞ് കുഴഞ്ഞ് പതിനാറുകാരന്‍ പാക് താരം, ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ അനായാസം ലീഡ് കരസ്ഥമാക്കി. സെഞ്ച്വറി നേടി ബാറ്റിംഗ് തുടരുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ മികവില്‍ ഓസ്‌ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ ദിനം പാകിസ്ഥാന്‍ 240 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ ഒന്‍പത് വിക്കറ്റ് അവശേഷിക്കെ ഓസ്‌ട്രേലിയക്ക് 63 റണ്‍സിന്റെ ലീഡായി.

151 റണ്‍സുമായി വാര്‍ണറും 42 റണ്‍സുമായി ലുബ്സ്റ്റാര്‍ജനും ആണ് ഓസീസ് നിരയില്‍ ക്രീസില്‍. 257 പന്തില്‍ 10 ബൗണ്ടറി സഹിതമാണ് വാര്‍ണര്‍ 150 റണ്‍സെടുത്തത്. നേരത്തെ മറ്റൊരു ഓപ്പണര്‍ ജോ ബേണ്‍സ് ഓസ്‌ട്രേലിയക്കായി 97 റണ്‍സും എടുത്തിരുന്നു. ഇരുവരും ആദ്യ വിക്കറ്റില്‍ 222 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

അതെസമയം പാകിസ്ഥാനായി അരങ്ങേറ്റം കുറിച്ച പതിനാറുകാരന്‍ നസീം ഷായ്ക്ക് ബൗളിംഗില്‍ തിളങ്ങാനായില്ല. 15 ഓവറില്‍ വിക്കറ്റൊന്നും ലഭിക്കാതെ 58 റണ്‍സാണ് നസീം ഷാ വഴങ്ങിയത്. യാസര്‍ ഷായ്ക്കാണ് ഏക വിക്കറ്റ്.

ആദ്യ ദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 86.2 ഓവറില്‍ 240 റണ്‍സിന് പുറത്താകുകയായിരുന്നുന്നു. നാല് വിക്കറ്റ് വീഴത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്.

പാകിസ്ഥാനായി അസദ് ഷെഫീഖ് അര്‍ദ്ധ സെഞ്ച്വറി നേടി. 134 പന്തില്‍ ഏഴ് ബൗണ്ടറി അടക്കം 76 റണ്‍സാണ് ഷെഫീഖ് സ്വന്തമാക്കിയത്. ഷെഫീഖിന്റെ പ്രകടനമാണ് പാകിസ്ഥാനെ 200 കടത്തിയത്. ഷാന്‍ മസൂദ് (27), അസര്‍ അലി (39), മുഹമ്മദ് റിസ്വാന്‍ (37), യാസിര്‍ ഷാ (26) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍. ഹാരിസ് സുഹൈലും (1), ബാബര്‍ അസമും (1) ഇഫ്ത്തിഖാര്‍ അഹമ്മദും (7) നിരാശപ്പെടുത്തി.

ഓസ്ട്രേലിയക്കായി സ്റ്റാര്‍ക്ക് 18.2 ഓവറില്‍ 52 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. കുമ്മിന്‍സ് മൂന്നും ഹസില്‍ വുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. ലിയോണാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ് സ്വന്തമാക്കിയത്.