ഇത്തവണ ഇരട്ട സെഞ്ച്വറി, ഞെട്ടിച്ച് 'രണ്ടാം ബ്രാഡ്മാന്‍'

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയുമായി ഓസീസ് യുവതാരം മാര്‍നുസ് ലബുഷാരെ. ആദ്യ ദിവസം സ്വന്തമാക്കിയ സെഞ്ച്വറി ലബുഷാരെ ഇരട്ട സെഞ്ച്വറി ആക്കി മാറ്റുകയായിരുന്നു. ലബുഷാരെയുടെ ഇരട്ട സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 454 റണ്‍സ് എടുത്തിട്ടുണ്ട്.

363 പന്തില്‍ 19 ഫോറും ഒരു സിക്‌സും സഹിതം 215 റണ്‍സാണ് ലബുഷാരെ നേടിയത്. ലബുഷാരെയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാത്രമല്ല 2020ലെ ആദ്യ സെഞ്ച്വറിയ്ക്കും ഇരട്ട സെഞ്ച്വറിയ്ക്ക് ഇതോടെ ഓസീസ് താരം ഉടമയായി.

പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായി ബാറ്റ്ചെയ്ത കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ നാലിലും ലബുഷാരെ സെഞ്ച്വറി നേടിയിരുന്നു. രണ്ട് ഇന്നിംഗ്സുകളില്‍ ലബുഷാരെ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14ാം ടെസ്റ്റ് മാത്രം കളിയ്ക്കുന്ന ഈ 25കാരന്റെ പേരില്‍ നാല് സെഞ്ച്വറികള്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. 2109ല്‍ ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തതും ലബുഷാരെ ആയിരുന്നു. സൂപ്പര്‍ താരം സ്മിത്തിനേയും കോഹ്ലിയേയും എല്ലാം പിന്തള്ളിയായിരുന്നു ലബുഷാരയുടെ ഈ നേട്ടം.

Read more

നേരത്തെ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ 185 റണ്‍സ് നേടിയ ലബുഷാരെ രണ്ടാം ടെസ്റ്റില്‍ 162 റണ്‍സും എടുത്തു. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 143 റണ്‍സുമായി സെഞ്ച്വറി ആവര്‍ത്തിച്ച താരം രണ്ടാം ഇന്നിംഗ്സില്‍ 50 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ടെസ്റ്റില്‍ 63, 19 എന്നിങ്ങനെയായിരുന്നു ലബുഷാരയുടെ സ്‌കോര്‍.