ഓസ്‌ട്രേലിയയുടെ അടുത്ത ക്യാപ്റ്റന്‍ ബോളര്‍; ബാറ്റര്‍മാര്‍ക്ക് വിനയായത് പഴയ വിവാദം

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് തുടര്‍ന്ന് കുരുക്കിലായ ടിം പെയ്ന്‍ സ്ഥാനം ഒഴിഞ്ഞതോടെയാണ് പുതിയ നായകനെ കണ്ടെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധിതരായത്. ആഷസിന് മുന്‍പായി ഓസീസ് ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.

ലോകത്തെ മുന്‍നിര പേസറായ കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ടീമിനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഓസീസിനെ നയിക്കാനുള്ള സന്നദ്ധത കമ്മിന്‍സ് നേരത്തെ അറിയിച്ചിരുന്നു. കമ്മിന്‍സിനെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഇതിഹാസ താരം സ്റ്റീവ് വോ അടക്കമുള്ളവര്‍ ഉന്നയിക്കുകയുമുണ്ടായി.

പരമ്പരാഗതമായി ബാറ്റര്‍മാരെയാണ് ഓസ്‌ട്രേലിയ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിക്കാറുള്ളത്. 1956ല്‍ ഇന്ത്യയില്‍ നടന്ന ഒരു ടെസ്റ്റില്‍ റേ ലിന്‍ഡ്‌വാള്‍ താത്കാലിക നായകനായതാണ് ഇതിനൊരു അപവാദം. സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പോലെ നായക പദം കൈയാളാന്‍ പ്രാപ്തിയുള്ള ബാറ്റര്‍മാര്‍ ഓസ്‌ട്രേലിയക്കുണ്ട്. എന്നാല്‍ 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ പന്തു ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട സ്മിത്തിനും വാര്‍ണര്‍ക്കും ക്യാപ്റ്റന്‍സി വിലക്ക് നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്മിന്‍സിന് കീഴില്‍ ടീമിനെ അണിനിരത്താന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നീക്കമിടുന്നത്.