നടുക്കിയ വീഴ്ച്ച, നിര്‍ണായക മാറ്റത്തിനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലണ്ടന്‍ : ആഷസ് പരമ്പരയ്ക്കിടെ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് കഴുത്തില്‍ പന്തേറ്റ് പുളഞ്ഞ് വീണതിന് പിന്നാലെ ക്രിക്കറ്റില്‍ അടിമുടി മാറ്റത്തിന് വഴിയൊരുങ്ങുന്നു. കഴുത്തിനും സുരക്ഷ നല്‍കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്കു നിര്‍ബന്ധമാക്കിയേക്കുമെന്നു ഓസീസ് ദേശീയ ടീം മെഡിക്കല്‍ ബോര്‍ഡ് സൂചന നല്‍കി.

ഇത്തരം ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ഓസീസ് ടീം മുന്‍ ഡോക്ടര്‍ പീറ്റര്‍ ബ്രക്‌നെറും അഭിപ്രായപ്പെട്ടു.

2014-ല്‍, ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയിലിടിച്ച് ഫില്‍ ഹ്യൂസ് മരിച്ചതോടെ ഓസ്‌ട്രേലിയ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര മത്സരങ്ങളില്‍, പേസ് ബോളര്‍മാരെ നേരിടുമ്പോള്‍ കഴുത്തിനും സുരക്ഷ നല്‍കുന്ന ‘നെക്ക് ഗാര്‍ഡു’കളോടുകൂടിയ ഹെല്‍മെറ്റുകള്‍ ഉപയോഗിക്കാനും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പതിവ് ഹെല്‍മെറ്റുമായാണ് ആഷസ് പരമ്പരയില്‍ സ്മിത്തും കൂട്ടരും കളിച്ചത്.

ഇതോടെയാണ് ‘നെക്ക് ഗാര്‍ഡു’കളോടുകൂടിയ ഹെല്‍മെറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ലോകക്രിക്കറ്റില്‍ തന്നെ നിര്‍ണായക മാറ്റത്തിന് തുടക്കമാകും ഈ തീരുമാനം.

ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തുകളാണ് ഓസ്‌ട്രേലിയക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. ആര്‍ച്ചറുടെ മാരകയേറിനു മുന്നില്‍ അടി തെറ്റി ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ വീഴുന്നതിന് ക്രിക്കറ്റ് ലോകം പലതവണ സാക്ഷ്യം വഹിച്ചു.