'എന്നെ നായകനാക്കാതെ ഇന്ത്യ നേരത്തെ തന്നെ ഒരു അബദ്ധം ചെയ്തു'; ആ ബോളറെ നായകനാക്കണമെന്ന് നെഹ്‌റ

സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ നായകസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. തന്നെ നായകനാക്കാതെ ഇന്ത്യ നേരത്തെ തന്നെ ഒരു അബദ്ധം ചെയ്തുവെന്നും ഫാസ്റ്റ് ബോളര്‍മാരെ ക്യാപ്റ്റന്‍മാരാക്കരുതെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നും നെഹ്‌റ പറഞ്ഞു.

‘എന്നെ നായകനാക്കാതെ ഇന്ത്യ നേരത്തെ തന്നെ ഒരു അബദ്ധം ചെയ്തു. ഇനിയും ഇത്തരമൊരു അബദ്ധം ചെയ്യാതിരിക്കട്ടെ. കോര്‍ട്ടനി വാല്‍ഷ്,വസിം ആക്രം,വഖാന്‍ യൂനിസ് എന്നിവരൊക്കെ പേസ് ബോളര്‍മാരായ നായകന്മാരായിരുന്നു. രോഹിത് ശര്‍മക്ക് ശേഷം റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകളാണ് കൂടുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.’

‘എന്നാല്‍ ജസ്പ്രീത് ബുംറയേയും പരിഗണിക്കാവുന്നതാണ്. അജയ് ജഡേജ പറഞ്ഞപോലെ എല്ലാ ഫോര്‍മാറ്റിലും പ്ലേയിംഗ് ഇലവനില്‍ ബുംറയുണ്ട്. ഫാസ്റ്റ് ബോളര്‍മാരെ ക്യാപ്റ്റന്‍മാരാക്കാന്‍ പാടില്ലെന്ന് ഒരിടത്തും എഴുതിവെച്ചിട്ടില്ല’ നെഹ്റ പറഞ്ഞു.

ബുംറ എപ്പോഴും ടീമിനൊപ്പമുള്ള താരമാണെന്നും ആയതിനാല്‍ ബുംറയ്ക്ക് നായകന്റെ മനസും ബുദ്ധിയുമുണ്ടെന്നും അജയ് ജഡേജ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ അടുത്ത നായകനായി ബുംറയെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നാണ് ജഡേജയും പറഞ്ഞുവെച്ചത്.