കശ്മീര്‍, ഏഷ്യ കപ്പ് നടക്കുക ഇന്ത്യയില്ലാതെ

അടുത്ത ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കാനുളള സാദ്ധ്യ ത വിരളമാകുന്നു. മത്സരവേദിയായി പാകസ്ഥാനെ തിരഞ്ഞെടുത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുക. ഇതോടെ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുക മാത്രമാണ് മുന്നിലുളള മാര്‍ഗം.

മത്സരത്തിന്റെ വേദി മാറ്റണം എന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടുണ്ടെങ്കിലും സംഘാടകരായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതിനോട് അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നില്‍ക്കുക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളള വഴി.

അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി-20 ലോക കപ്പിനു ശേഷമായിരിക്കും ഏഷ്യാ കപ്പ്. വേദി മാറ്റണമെന്ന ആവശ്യത്തെ പാകിസ്ഥാനും ശക്തമായി എതിര്‍ക്കാനാണ് സാധ്യത. നേരത്തെ ഈ വിഷയം പരിഗണനയില്‍ വന്നപ്പോള്‍ തന്നെ പാകിസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് വേദി മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചത്.

കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അങ്ങേയറ്റം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തുടരുകയും വേദി മാറ്റാന്‍ അധികൃതര്‍ തയ്യാറാവാതിരിക്കുകയും ചെയ്താല്‍ ഇന്ത്യ പങ്കെടുക്കില്ല എന്ന കാര്യം ഉറപ്പാണ്.

2008- ല്‍ നടന്ന മുംബൈ ഭീകാരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനില്‍ ഇതേവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. കശ്മീര്‍ പ്രശ്‌നത്തിലൂടെ ഇനി ഇന്ത്യ പാകിസ്ഥാനില്‍ കളിക്കുക എന്നത് വിദൂരമായ സ്വപ്‌നമാണ്.