ഏഷ്യാ കപ്പ്: ഇന്ത്യയുടെ ആശങ്കയില്‍ തീരുമാനമായി

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി വി.വി.എസ് ലക്ഷ്മണിനെ ബിസിസിഐ നിയമിച്ചു. മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ലക്ഷ്മണിന് പരിശീലക ഉത്തരവാദിത്വം കൈമാറിയിരിക്കുന്നത്.

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനു ശേഷം ദ്രാവിഡ് വിശ്രമത്തിലായിരുന്നു. സിംബാബ്വെ പര്യടനത്തിലും ലക്ഷ്മണായിരുന്നു ടീമിന്റെ മുഖ്യ പരിശീലകന്‍. ഹരാരെയില്‍ നിന്ന് മടങ്ങിയെത്തിയ ലക്ഷ്മണ്‍ ദുബായിലുള്ള ടീമിനൊപ്പം ചേര്‍ന്നു. പാക്കിസ്ഥാനെതിരെ ഓഗസ്റ്റ് 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം, ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി സെലക്ഷന്‍ കമ്മിറ്റി. ഫിറ്റ്നസും ഫോമും തെളിയിച്ച ദീപക് ചഹര്‍ സ്റ്റാന്‍ഡ്-ബൈയില്‍ നിന്ന് മെയിന്‍ സ്‌ക്വാഡിലേക്ക് എത്തും. അടുത്ത 24 മണിക്കൂറിനുള്ളില്‍ സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

ഏഷ്യാ കപ്പ് ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ ചഹറിനെ പിന്തള്ളി അവേഷ് ഖാനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തിരുന്നു. ചാഹര്‍ തന്റെ ഫോമും ഫിറ്റ്‌നസും തെളിയിച്ചിരിക്കുന്നതിനാലാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കുന്നത്. ഈയിടെ സമാപിച്ച സിംബാബ്വെ പര്യടനത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.