ഏഷ്യാ കപ്പ്: ഇന്ത്യയുടെ ആശങ്കയില്‍ അന്തിമ തീരുമാനം നാളെ അറിയാം

ഏഷ്യാ കപ്പ് ടീമിനൊപ്പം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചേരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ അറിയാം. ടീമിന് കനത്ത തിരിച്ചടി സമ്മാനിച്ച് രാഹുല്‍ ദ്രാവിഡിന് കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായിരുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിനായി രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ദുബായിലേക്ക് പുറപ്പെട്ടെങ്കിലും ദ്രാവിഡ് ടീമിനൊപ്പം പോയിട്ടില്ല.

ദ്രാവിഡിന് വ്യാഴാഴ്ച വരെ വിശ്രമം നല്‍കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിശോധനാ ഫലം നെഗറ്റീവായാല്‍ ഉടന്‍ ദ്രാവിഡ് ടീമിനൊപ്പം ചേരും. അതേസമയം മുന്‍കരുതലെന്നോണം വിവിഎസ് ലക്ഷ്മണിനോട് അടുത്ത 48 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ദ്രാവിഡിന്റെ ലക്ഷണങ്ങള്‍ സൗമ്യമാണ്. അതിനാല്‍ വിവിഎസ് ലക്ഷ്മണിനെ പകരക്കാരനായി അയക്കണോ വേണ്ടയോ എന്ന് ഞങ്ങള്‍ കാത്തിരുന്ന് പിന്നീട് തീരുമാനിക്കും. ലക്ഷ്മണ്‍ ഇതിനകം ഹരാരെയിലുണ്ട്, അവര്‍ ഇന്ന് ദുബായിലേക്ക് വിമാനം കയറും.

‘ദ്രാവിഡിന്റെ അവസ്ഥ വ്യക്തമാകുന്നത് വരെ നമുക്ക് ലക്ഷ്മണിനോട് കുറച്ച് ദിവസം ദുബായില്‍ തുടരാന്‍ ആവശ്യപ്പെടാം. ദ്രാവിഡിനോട് മറ്റൊരു ടെസ്റ്റിന് വിധേയരാകാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Read more

ദ്രാവിഡിന്റെ അഭാവം എട്ടാം തവണയും ഏഷ്യാ കപ്പ് നേടുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും സമ്മാനിക്കുക. ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മാസം 28ന് ദുബായിലാണ് മത്സരം.