ഏഷ്യാ കപ്പ് തോല്‍വി: ഇന്ത്യന്‍ ടീമിന് നേരെ നാല് ചോദ്യവുമായി ഹര്‍ഭജന്‍

ഏഷ്യാ കപ്പില്‍ തുടര്‍തോല്‍വികളുമായി ഫൈനല്‍ കാണാതെ പുറത്തായ ഇന്ത്യന്‍ ടീമിനെതിരെയും, ടീം മാനേജ്‌മെന്റിനെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. നാല് ചോദ്യങ്ങള്‍ ചോദിച്ചാണ് ഹര്‍ഭജന്‍ ടീമിനെതിരെ ആഞ്ഞടിച്ചത്.

‘ഉമ്രാന്‍ മാലിക് (150കിമീ സ്പീഡ്) എവിടെ? ക്വാളിറ്റി സ്വിംഗ് ബൗളറായ ദീപക് ചഹര്‍ എന്തുകൊണ്ട് അവിടെ ഇല്ല? ഈ താരങ്ങള്‍ അവസരം അര്‍ഹിക്കുന്നില്ലേ? എന്തുകൊണ്ട് ദിനേശ് കാര്‍ത്തിക്കിന് തുടരെ അവസരം ലഭിക്കുന്നില്ല? നിരാശാജനകമാണ്’ ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് ഇന്ത്യ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ആവേശ് ഖാന് ഫിറ്റ്നസ് പ്രശ്നങ്ങള്‍ നേരിട്ടതോടെ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെ വെച്ചാണ് ഇന്ത്യ നിര്‍ണായക മത്സരങ്ങള്‍ കളിച്ചത്.

സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തില്‍ പാകിസ്ഥാനോട് അഞ്ച് വിക്കറ്റിന് തോറ്റ ഇന്ത്യ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് ആറ് വിക്കറ്റിനാണ് മുട്ടുമടക്കിയത്.