പിടിവാശി ജയിച്ചു, ഇന്ത്യയും പാകിസ്ഥാനും ഏഷ്യ കപ്പ് കളിയ്ക്കും

മുംബൈ: പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ വേദി മാറ്റി. യുഎഇയിലാകും ഇപ്രാവശ്യത്തെ ഏഷ്യ കപ്പ് മത്സരം നടക്കുക. ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു.

മാര്‍ച്ച് മൂന്നിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം നടക്കാനിരിക്കെയാണ് ബിസിസിഐ അധ്യക്ഷന്റെ നിര്‍ണായക പ്രതികരണം. പാക്കിസ്ഥാനാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ആതിഥേയത്വം വഹിക്കാനിരുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്നാണു വിവരം

നിഷ്പക്ഷ വേദിയില്‍ ഏഷ്യ കപ്പ് നടക്കുകയാണെങ്കില്‍ കളിക്കുന്നതിനു പ്രശ്‌നങ്ങളിലെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍വച്ചു മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണു വേദി മാറ്റിയതായി ഗാംഗുലി വെളിപ്പെടുത്തിയത്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 2008ന് ശേഷം പാക്കിസ്ഥാന്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടില്ല. 2010 ഏഷ്യ കപ്പ് നടന്നത് ശ്രീലങ്കയിലാണ്. പിന്നീടു മൂന്നു തവണ ബംഗ്ലദേശില്‍ നടന്നു. ഏറ്റവും ഒടുവില്‍ പരമ്പര നടന്നത് യുഎഇയിലാണ്. 2016 മുതല്‍ ട്വന്റി20, ഏകദിന പരമ്പരകളായി മാറിമാറിയാണ് ഏഷ്യ കപ്പ് നടത്തുന്നത്.