ടീം ഇന്ത്യ മിസ് ചെയ്യുന്നുണ്ടോ? ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനവുമായി അശ്വിനും

ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നും ഏറെ നാളായി പുറത്താക്കപ്പെട്ട ആര്‍. അശ്വിന്‍ നിലവില്‍ കൗണ്ടി കളിക്കുകയാണ്. കൗണ്ടി ഡിവിഷന്‍ വണ്‍ മത്സരത്തില്‍ നോട്ടിംഗ്ഹാംഷെയറിനായാണ് അശ്വിന്‍ കൗണ്ടി കളിക്കുന്നത്. ഇന്ത്യ കിവീസിനെ സെമിയില്‍ നേരിടുമ്പോള്‍ സോമര്‍സെറ്റിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെയ്ക്കുകയായിരുന്നു അശ്വിന്‍.

മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 59 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. ഇതോടെ സോമര്‍സെറ്റ് 169 റണ്‍സിന് പുറത്താകുകയും ചെയ്തു. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ഈ സീസണില്‍ അശ്വിന്‍ കളിക്കുന്ന രണ്ടാമത്തെ കൗണ്ടി മത്സരം മാത്രമാണിത്. നേരത്തെ എസക്‌സിനെതിരെ, നോട്ടിംഗ്ഹാംഷെയര്‍ ഇന്നിംഗ്‌സ് പരാജയം നേരിട്ട മത്സരത്തിലും അശ്വിന്‍ കളിക്കാനുണ്ടായിരുന്നു. ഈ മത്സരത്തില്‍ 162 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളായിരുന്നു അശ്വിന്‍ വീഴ്ത്തിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ അശ്വിന്‍ ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അതെസമയം മറ്റൊരിന്ത്യന്‍ താരം അജിക്യ രഹാനയും കൗണ്ടിയില്‍ കളിക്കുന്നുണ്ട്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ ഹാമ്പ്‌ഷെയറിനായി തരക്കേടില്ലാത്ത പ്രകടനമാണ് രഹാനയും കാഴ്ച വെയ്ക്കുന്നത്.