രവി ശാസ്ത്രിക്ക് എതിരെ അശ്വിൻ, പരിശീലകൻ പറഞ്ഞത് മണ്ടത്തരം; വാക്ക്പോരിന് തുടക്കം

ടെസ്റ്റ് ക്രിക്കറ്റിനെ മികച്ച മൂന്ന്-നാല് രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തോട് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിയോജിച്ചു. ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുന്നതിനിടെ മുൻ ഇന്ത്യൻ കോച്ചിന്റെ അഭിപ്രായത്തിന് അശ്വിൻ മറുപടി നൽകി.

സ്പിന്നർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു, “അടുത്തിടെ രവി ഭായ് പറഞ്ഞു, ടെസ്റ്റ് ക്രിക്കറ്റ് 3-4 രാജ്യങ്ങൾ മാത്രം കളിക്കുന്ന ഫോർമാറ്റാക്കി മാറ്റണമെന്ന്. എന്നാൽ 3-4 രാജ്യങ്ങൾ കളിക്കുമ്പോൾ അയർലൻഡ് പോലുള്ള ടീമുകൾക്ക് കളിക്കാനുള്ള അവസരം ലഭിക്കില്ല.

ഏറ്റവും ദൈർഘ്യമേറിയതും പഴക്കമുള്ളതുമായ ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റ് പ്രസക്തമായി തുടരണമെന്ന് അശ്വിൻ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റും ടി20 ക്രിക്കറ്റും തമ്മിൽ ബന്ധമുണ്ടെന്നും ശക്തമായ ഫസ്റ്റ് ക്ലാസ് ഘടനയുള്ള രാജ്യങ്ങൾ ടെസ്റ്റ് കളിച്ചുകഴിഞ്ഞാൽ മികച്ച ടി20 ക്രിക്കറ്റർമാരെ സൃഷ്ടിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

“ടെസ്റ്റ് ക്രിക്കറ്റും ടി20 ക്രിക്കറ്റും തമ്മിൽ എന്താണ് ബന്ധം എന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാം. നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ മാത്രമേ നിങ്ങളുടെ ഫസ്റ്റ് ക്ലാസ് ഘടന മെച്ചപ്പെടൂ. നിങ്ങളുടെ ഫസ്റ്റ് ക്ലാസ് ഘടന മികച്ചതാണെങ്കിൽ മാത്രമേ ആളുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർ അവരുടെ കളി ടി20 ക്രിക്കറ്റിന് അനുസരിച്ചാണ് രൂപപ്പെടുത്തുന്നത്. അങ്ങനെയാണ് ക്രിക്കറ്റ് മെച്ചപ്പെടുന്നത് ,” അശ്വിൻ കൂട്ടിച്ചേർത്തു.