ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി അടിമുടി മാറ്റം

ടെസ്റ്റ് ക്രിക്കറ്റില്‍ അടിമുടി മാറ്റം വരുന്നു. ഇനി ജെഴ്സിയില്‍ താരങ്ങളുടെ പേരും നമ്പറുമുണ്ടാകും. ആഷസ് പരമ്പരയോട് കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍ വരുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ജെഴ്സിയിലെ ഈ മാറ്റം പ്രഖ്യാപിച്ചു.

വര്‍ഷങ്ങളായി ഏകദിനത്തിലും ട്വന്റി-20യിലും ജെഴ്സിയില്‍ കളിക്കാരുടെ പേരും നമ്പറുമുണ്ട്. എന്നാല്‍ ടെസ്റ്റില്‍ ഈ പതിവില്ലായിരുന്നു.

ജോ റൂട്ടിന്റെ ചിത്രത്തോടൊപ്പമായിരുന്നു ഈ മാറ്റം വിളംബരം ചെയ്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ട്വീറ്റ് പുറത്ത് വിട്ടത്. ആ ചിത്രത്തില്‍ റൂട്ട് ഇട്ടിരിക്കുന്ന ജെഴ്സിയില്‍ പേരും നമ്പറുമുണ്ട്. അതേസമയം ഓസ്ട്രേലിയന്‍ താരങ്ങള്‍ നമ്പറും പേരുമുള്ള ജെഴ്സി ധരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഐ.സി.സിയും പുതിയ ജെഴ്സിയുടെ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് താരങ്ങളായ മോയിന്‍ അലിയും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഐ.സി.സിയുടെ ട്വീറ്റിലെ താരങ്ങള്‍. ഓഗസ്റ്റ് ഒന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. അഞ്ചു ടെസ്റ്റുകളാണ് ആഷസ് പരമ്പരയിലുള്ളത്.