ഇംഗ്ലണ്ടിനെ ചാരമാക്കി ഓസീസ്; ആഷസ് ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ്ക്ക് പത്തു വിക്കറ്റ് ജയം

ആഷസ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 170 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കാമറണ്‍ ബാന്‍ക്രോഫ്റ്റ് 82 ഉം ഡേവിഡ് വാര്‍ണര്‍ 87 ഉം റണ്‍സ് നേടി. സ്‌കോര്‍: ഇംഗ്ലണ്ട് 302, 195; ഓസ്‌ട്രേലിയ 328, 173/0.

മത്സരത്തിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്വം നേടിയ ഇംഗ്ലണ്ട് പിന്നീട് തകര്‍ച്ച നേരിടുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 302 റണ്‍സെടുത്ത ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 195 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 328 റണ്‍സെടുത്ത് 26 റണ്‍സ് ലീഡ് നേടിയിരുന്നു. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 141 നേടിയ റണ്‍സിന്റെ ബലത്തിലാണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് ലീഡ് നേടിയത്. സ്മിത്താണ് മാന്‍ ഓഫ് ദ മാച്ചും. ഈ ജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലെത്തി.

182 പന്തില്‍ ഒരു സിക്‌സും പത്തു ഫോറുകളുമുള്‍പ്പെടെയാണു ബാന്‍ക്രോഫ്റ്റ് 82 റണ്‍സ് നേടിയത്. 119 പന്തില്‍ പത്തു ഫോറുകളുള്‍പ്പെടെയാണ് വാര്‍ണറിന്റെ 87 റണ്‍സ് നേട്ടം. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലീഷ് നിരയില്‍ ക്യാപ്റ്റന്‍ ജോയ് റൂട്ട് മാത്രമാണ് അര്‍ദ്ധ ശതകം കടന്നത്. സ്റ്റാര്‍ക്, ഹസ്ലെവുഡ്, ലിയോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് അടുത്തമാസം രണ്ടിന് അഡ്ലൈഡിലാണ്.