ഗാംഗുലി സ്വന്തമായി ഒരു ടീമിനെ വാര്‍ത്തെടുത്തു, കോഹ്‌ലി എന്തു ചെയ്തു?; തുറന്നടിച്ച് സെവാഗ്

ഇന്ത്യന്‍ മുന്‍ നായകന്മാരായ സൗരവ് ഗാംഗുലിയുടെയും വിരാട് കോഹ് ലിയുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ താരതമ്യം ചെയ്ത് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലി തന്റേതായ ഒരു ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുത്തുത്തപ്പോള്‍ കോഹ്‌ലിക്കു അതിനു സാധിച്ചിട്ടുണ്ടോയെന്നത് സംശയമാണെന്ന് സെവാഗ് തുറന്നടിച്ചു.

‘ഗാംഗുലി ക്യാപ്റ്റനായിവന്ന ശേഷം സ്വന്തമായി ഒരു ഇന്ത്യന്‍ ടീമിനെ തന്നെ നിര്‍മ്മിച്ചെടുത്തു. പുതിയ കളിക്കാരെ ടീമിലേക്കു കൊണ്ടുവരികയും ഉയര്‍ച്ചയിലും താഴ്ചയിലും അവര്‍ക്കൊപ്പം നില്‍ക്കുകും പിന്തുണയ്ക്കുകയും ചെയ്തു. പക്ഷെ ക്യാപ്റ്റനായിരുന്നപ്പോള്‍ വിരാട് കോഹ്‌ലിക്കു ഇതിനു സാധിച്ചിട്ടുണ്ടോയെന്നതില്‍ എനിക്കു സംശയമുണ്ട്.’

‘കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ രണ്ടു മൂന്ന് വര്‍ഷത്തേക്കു ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ജയിച്ചാലും തോറ്റാലും ഏറെക്കുറെ എല്ലാ ടെസ്റ്റിലും കോഹ്‌ലി ഈ രീതി തുടര്‍ന്നു. എന്റെ അഭിപ്രായത്തില്‍ ക്യാപ്റ്റനെന്നാല്‍ ടീം സൃഷ്ടിക്കുന്നയാളും കളിക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്നയാളുമാണ്. കോഹ്‌ലി ചില താരങ്ങളെ പിന്തുണച്ചു, ചിലരെ പിന്തുണച്ചുമില്ല’ സെവാഗ് പറഞ്ഞു.

Read more

യുവതാരങ്ങളുടെ നായകനായിരുന്നു ഗാംഗുലിയെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ഗാംഗുലിയുടെ കാലഘട്ടത്തിലാണ് സഹീര്‍ ഖാന്‍, യുവരാജ് സിംഗ്, ആശിഷ് നെഹ്‌റ, സെവാഗ്, ഹര്‍ഭജന്‍ സിംഗ്, എംഎസ് ധോണി പോലുള്ള താരങ്ങള്‍ ഉയര്‍ന്നു വന്നത്. പിന്നീട് ഇന്ത്യയെ ലോക കപ്പ് നേട്ടത്തിലേക്ക് നയിക്കാന്‍ മേല്‍പ്പറഞ്ഞ താരങ്ങള്‍ സാധിച്ചു.