കൂട്ടുകൂടി ജാമ്മിയും ശിഷ്യരും; തമ്മിലുടക്കി മിക്കിയും ശിഷ്യനും

ടീം ജയിക്കുമ്പോൾ കളിക്കാരും കോച്ചുമെല്ലാം സന്തോഷത്തിലായിരിക്കും. തോറ്റാലോ ?, ആശാനും പിള്ളേരും തമ്മിൽ ചിലപ്പോൾ ഇടയും. ഇന്ത്യയുടെയും ശ്രീലങ്കയുടെയും താരങ്ങളുടെയും പരിശീലകരുടെയും അവസ്ഥ നിലവിൽ തികച്ചും വ്യത്യസ്തമാണ്. ഏകദിന പരമ്പര വിജയത്തിൽ കളിക്കാരോട് നല്ല വാക്കു പറഞ്ഞ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഒരു ഭാഗത്ത് നിൽക്കുമ്പോൾ ലങ്കൻ നായകനോട് വഴക്കടിച്ച കോച്ച് മിക്കി ആർതറാണ് വാർത്തകളുടെ മറുഭാഗത്ത്.

തീർച്ചയായും മത്സരഫലം നമുക്ക് അനുകൂലമായി. അവിശ്വസനീയവും അസാധാരണവുമാണ് ഈ ജയം. പരാജയപ്പെട്ടിരുന്നെങ്കിലും എല്ലാ അർത്ഥത്തിലും ഉജ്ജ്വലമായ പൊരുതിയെന്നു പറയാമായിരുന്നു. വെൽഡൺ- എന്ന് രാഹുൽ ദ്രാവിഡ് മത്സരശേഷം ഡ്രസിംഗ് റൂമിൽവച്ച് കളിക്കാരോട് പറഞ്ഞു. ഇതിന്റെ വീഡിയോ ബിസിസിഐ ടിവിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആശയറ്റ അവസരത്തിലും ഇന്ത്യ ചാംപ്യൻമാരെ പോലെ കളിച്ചെന്നും ദ്രാവിഡ് പറയുന്നുണ്ട്.

ദ്രാവിഡ് ശിഷ്യൻമാരെ വാഴ്ത്തുമ്പോൾ ആർതർ സ്വന്തം കുട്ടികളെ പഴിക്കുകയാണ്. മത്സരത്തിന്റെ അവസാന ഓവറുകളിലൊന്ന് ദീപക് ചഹാർ ബൗണ്ടറിയടിക്കുമ്പോൾ അസ്വസ്ഥനായ ആർതർ ക്ഷോഭിക്കുന്നതും നിരാശപ്പെടുന്നതും കാണാമായിരുന്നു. ക്യാപ്റ്റൻ ദസുൻ ഷനകയുടെ ഫീൽഡ് സെറ്റിംഗിനോടുള്ള അതൃപ്തിയാണ് ആർതർ പ്രകടിപ്പിച്ചതെന്ന് വ്യക്തം.

മത്സരശേഷം ആർതറും ഷനകയും തമ്മിൽ രൂക്ഷമായി തർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷനകയെ ആർതർ ശാസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്ന് പറയപ്പെടുന്നു. എന്നാൽ താനും ഷനകയും തമ്മിൽ ആരോഗ്യപരമായ ആശയവിനിമയമാണ് നടന്നതെന്ന് ആർതർ വിശദീകരിക്കുന്നു