കരിയര്‍ ബെസ്റ്റ് ബോളിംഗ് പ്രകടനവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; മുംബൈ കാണുന്നുണ്ടല്ലോ അല്ലേ..

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്ക്ക് വേണ്ടി കരിയര്‍ ബെസ്റ്റ് ബോളിംഗ് പ്രകടനവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ജയ്പൂരില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ബി മാച്ചില്‍ ഹൈദരാബാദിനെതിരേയായിരുന്നു അര്‍ജുന്റെ മിന്നല്‍ പ്രകടനം. ഇടംകൈയന്‍ ഫാസ്റ്റ് ബൗളായ അര്‍ജുന്‍ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 2.5 ഇക്കോണമിയില്‍ 10 റണ്‍ മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

പ്രതീക് റെഡ്ഡി, മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ തിലക് വര്‍മ, രാഹുല്‍ ബുധി, രവി തേജ എന്നിവരായിരുന്നു അര്‍ജുന്റെ ഇരകള്‍. രണ്ടു പേരെ വിക്കറ്റിനു മുന്നില്‍ കുരുക്കിയ അര്‍ജുന്‍ ശേഷിച്ച രണ്ടു പേരെ ഫീല്‍ഡര്‍മാര്‍ക്കും സമ്മാനിക്കുകയായിരുന്നു.

പക്ഷേ അര്‍ജുന്റെ പ്രകടനം മത്സരത്തില്‍ പാഴായി. ഗോവ 37 റണ്‍സിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 177 റണ്‍സെടുത്തു. മറുപടിയില്‍ 18.5 ഓവറില്‍ 140 റണ്‍സിനു ഗോവ ഓള്‍ഔട്ടായി. ബാറ്റിംഗില്‍ അര്‍ജുന് രണ്ട് റണ്‍സ് മാത്രമേ എടുക്കാനായുള്ളു.

Read more

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി കളിക്കാന്‍ അധികം അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ അര്‍ജുന്‍ 2022-23 സീസണില്‍ ഗോവയിലേക്കു കൂടുമാറിയിരുന്നു. ഈ നീക്കം ശരിവയ്ക്കുന്നതാണ് താരത്തിന്റെ നിലവിലെ ബോളിംഗ് പ്രകടനങ്ങള്‍.