അര്‍ജുന്‍ മുംബൈയുടെ രഞ്ജി ടീമില്‍ ; ഐ.പി.എല്ലിലേക്കും വഴി തുറക്കുന്നു

ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈയുടെ രഞ്ജിട്രോഫി ടീമില്‍ ഇടം പിടിച്ചു. ഇന്ത്യന്‍ ടീമിലേക്കുള്ള ചവിട്ടുപടിയായി കണക്കാക്കുന്ന രഞ്ജി ക്രിക്കറ്റില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ഇടംകൈയന്‍ പേസറായി അര്‍ജുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 13 മുതല്‍ മഹാരാഷ്ട്രയ്ക്ക് എതിരേയും 20 മുതല്‍ നടക്കുന്ന ഡല്‍ഹിക്കെതിരേയുമുള്ള മത്സരത്തില്‍ അര്‍ജുനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ചില്‍ വിജയ് ഹസാരേ ട്രോഫിയിലേക്ക് മുംബൈയെ നയിച്ച ഇന്ത്യന്‍ യുവതാരം പൃഥ്വിഷായാണ് മുംബൈ ടീമിലെ രഞ്ജിയിലും നയിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് അര്‍ജുന്‍ ആദ്യമായി മുംബൈ ടീമില്‍ എത്തുന്നത്.

22 കാരനായ അര്‍ജുനെ മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ടു കളിയില്‍ ഇറങ്ങിയ അര്‍ജുന്‍ രണ്ടു വിക്കറ്റും മൂന്ന് റണ്‍സും നേടിയിരുന്നു. സച്ചിന്റെ മകന്‍ എന്ന ലേബലിലല്ല പ്രതിഭ പ്രകടിപ്പിച്ചാണ് അര്‍ജുന്‍ ടീമിലെത്തിയതെന്നാണ് സെലക്ടര്‍മാരുടെ വാദം.

രണ്ടു വര്‍ഷം മുമ്പ് മുംബൈയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചപ്പോള്‍ പ്രാദേശിക ടൂര്‍ണമെന്റില്‍ 60 പന്തില്‍ 85 റണ്‍സ് നേടിയിരുന്നു. ഇതിനൊപ്പം ഐപിഎല്ലില്‍ കളിക്കാനും താരത്തിന് കളമൊരുങ്ങുകയാണ്.

ഫെബ്രുവരിയില്‍ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ലേലത്തില്‍ പിടിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ കളിക്കാന്‍ അര്‍ജുനായിട്ടില്ല. വിജയ് ഹസാരേ ട്രോഫിയില്‍ കളിച്ച തുഷാര്‍ ഖണ്ഡേക്കര്‍ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് അര്‍ജുനെ ടീമില്‍ എടുത്തത്.