ഹാര്‍ദ്ദിക്കിന്റെ അഹങ്കാരം ക്ഷമിക്കാനാകില്ലെന്ന് ഓസീസ് താരം

ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ റണ്‍ഔട്ട് തന്നെ അതിശയപ്പെടുത്തിയെന്ന് ഇയാന്‍ ചാപ്പല്‍ പറയുന്നു.

“കളിയിലെ ബാലപാഠം പോലും മനസ്സിലാക്കാതെയാണ് പാണ്ഡ്യ റണ്ണൗട്ട് ആയത്. റണ്ണിനായി ഓടുമ്പോള്‍ ബാറ്റ് എപ്പോഴും തറയില്‍ തൊടണമെന്നത് ഒരു ബാറ്റ്‌സ്മാന്‍ മനസ്സിലാക്കേണ്ട അടിസ്ഥാന പാഠമാണ്. പാണ്ഡ്യയോട് കോച്ച് ആദ്യം പറഞ്ഞു കൊടുത്ത ഒരു കാര്യവും ഇതായിരിക്കും” ചാപ്പല്‍ പരിഹസിക്കുന്നു.

ഇന്ന് നിരവധി കോച്ചുകള്‍ ഉണ്ട്. അവരൊന്നും ബാറ്റ്‌സ്മാന്മാര്‍ക്ക് മല്‍സരത്തിലെ ബാല പാഠങ്ങള്‍ പോലും പറഞ്ഞു കൊടുക്കുന്നില്ലേ? ഞാനൊക്കെ കളിക്കുന്ന സമയത്ത് ഒരുപാട് കോച്ചുകളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ എനിക്കൊരു നല്ല കോച്ചിനെയാണ് കിട്ടിയത്. അദ്ദേഹം ഒരു മല്‍സരത്തില്‍ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഒരിക്കലും മറന്നിട്ടില്ലെന്നും ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.

പാണ്ഡ്യ കാട്ടിയത് അലസതയോ അല്ലെങ്കില്‍ അഹങ്കാരമോ, എന്തുവേണമെങ്കിലും നിങ്ങള്‍ക്ക് വിളിക്കാം, ഒരിക്കലും അത് ക്ഷമിക്കാനാവില്ല. കോച്ച് പറഞ്ഞുകൊടുത്ത ബാലപാഠം മറന്നതുകൊണ്ടാണ് പാണ്ഡ്യയ്ക്ക് പവലിയനിലേക്ക് മടങ്ങേണ്ടി വന്നതെന്നും ചാപ്പല്‍ പറഞ്ഞു.

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 67-ാം ഓവറില്‍ അപ്രതീക്ഷിതമായാണ് പാണ്ഡ്യ റണ്‍ഔട്ട് ആയത്. മത്സരത്തിനിടെ അനാവശ്യ റണ്‍സിനായി ഓടിയ ഹാര്‍ദിക്കിനെ കോഹ്ലി ക്രീസിലേക്ക് മടക്കി അയക്കുകയായിരുന്നു. പാണ്ഡ്യ ഓടി ക്രീസിലെത്തിലെത്തിയെങ്കിലും വെര്‍ണോണ്‍ ഫിലാന്‍ഡറിന്റെ കൈകളിലെത്തിയ ബോള്‍ സ്റ്റംപിനുനേര്‍ക്ക് എത്തുകയും കുറ്റി തെറിക്കുകയും ചെയ്തു. അപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്. പാണ്ഡ്യയുടെ കാലോ ബാറ്റോ ക്രീസില്‍ തൊട്ടില്ലായിരുന്നു.

ഇതു മനസ്സിലാക്കാതെ സ്റ്റംപില്‍ തട്ടിയ ബോള്‍ ദൂരേക്ക് പോയപ്പോള്‍ പാണ്ഡ്യ അടുത്ത റണ്‍സിനായി ഓടുകയും ചെയ്തു. അപ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അപ്പീല്‍ നല്‍കി. റീപ്ലേകളില്‍ പാണ്ഡ്യയുടേത് വിക്കറ്റാണെന്ന് തെളിയുകയും ചെയ്തു.

പാണ്ഡ്യയുടെ റണ്‍ഔട്ടിനെ വിമര്‍ശിച്ച് മത്സരത്തിന്റെ കമന്റേറ്ററായിരുന്ന സുനില്‍ ഗവാസ്‌കര്‍ അടക്കം രംഗത്ത് വന്നിരുന്നു.