മറ്റൊരു വിന്‍ഡീസ് സൂപ്പര്‍ താരവും കളി മതിയാക്കി, ഞെട്ടി ക്രിക്കറ്റ് ലോകം

വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍-ബാറ്ററുമായ ദിനേഷ് രാംദിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിന്‍ഡീസിനെ ഞെട്ടിച്ച് മറ്റൊരു പ്രഖ്യാപനവും കൂടി. വിന്‍ഡീസ് ക്രിക്കറ്റ് താരം ലെന്‍ഡ്ല്‍ സിമ്മണ്‍സും കളി മതിയാക്കി. ഇന്നലെയാണ് രാംദിനൊപ്പം സിമ്മണ്‍സും വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതേസമയം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും ഇരുവരും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

16 വര്‍ഷത്തെ കരിയറിനാണ് ലെന്‍ഡ്ല്‍ സിമ്മണ്‍സ് വിരാമമിട്ടത്. 2006-ല്‍ ഫൈസലാബാദില്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച സിമണ്‍സ്, 2007-ല്‍ ടി20-യിലും 2009-ല്‍ ടെസ്റ്റിലും വിന്‍ഡീസ് ടീമിനായി അരങ്ങേറി.

2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോക കപ്പ് വിജയിച്ച വിന്‍ഡീസ് ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് സിമണ്‍സ്. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തത് സിമ്മണ്‍സായിരുന്നു. അന്ന് 51 പന്തില്‍ നിന്ന് 82 റണ്‍സെടുത്ത സിമണ്‍സിന്റെ മികവില്‍ ഇന്ത്യയെ തകര്‍ത്ത് ഫൈനലിലെത്തിയ വിന്‍ഡീസ് കിരീടവുമായാണ് മടങ്ങിയത്.

68 ഏകദിനങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയും 16 അര്‍ധ സെഞ്ചുറിയുമടക്കം 1958 റണ്‍സാണ് സമ്പാദ്യം. 68 ട്വന്റി 20-യില്‍ നിന്ന് ഒമ്പത് അര്‍ധ സെഞ്ചുറികളടക്കം 1527 റണ്‍സും എട്ട് ടെസ്റ്റില്‍ നിന്ന് 278 റണ്‍സും നേടിയിട്ടുണ്ട്.