ഐ.സി.സി വാര്‍ഷിക റാങ്കിംഗ് പുറത്ത്, രോഹിത്തിന് ആശ്വാസം ഇന്ത്യയ്ക്കും

ഐസിസിയുടെ വാര്‍ഷിക ടെസ്റ്റ്, ഏകദിന, ടി20 റാങ്കിംഗ് പുറത്ത്. ടി20യില്‍ 2021-22 സീസണ്‍ ഒന്നാം സ്ഥാനത്തോടെയാണ് ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നത്. ടെസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, ഏകദിനത്തില്‍ നാലാം സ്ഥാനക്കാരായാണ് ഫിനീഷ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോക കപ്പിനു ശേഷം വിരാട് കോഹ്‌ലിയില്‍ നിന്ന് രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുത്തതിനു ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ ഇന്ത്യ തൂത്തുവാരുകയായിരുന്നു.

പരാജയമറിയാതെ 12 ടി20കളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം തുടര്‍ ജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പവും ഇന്ത്യയെത്തിയിരുന്നു.

ടെസ്റ്റില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക പാകിസ്ഥാന്‍ എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. ഏകദിന റാങ്കിംഗില്‍ ന്യൂസിലാന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരാണ് യഥാക്രമം അടുത്ത സ്ഥാനങ്ങളില്‍.