എന്തും സംഭവിക്കാം; കേരളത്തെ കാത്തിരിക്കുന്നത് ഫസലും ജാഫറും

രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളം നേരിടുക ഗ്രൂപ്പ് ഡി ചാമ്പ്യന്‍മാരയാ വിദര്‍ഭയെ. ആറു മത്സരങ്ങളില്‍ നിന്നും നാല് ജയവും മൂന്ന് സമനിലയും നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വിദര്‍ഭ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. ബംഗാളും പഞ്ചാബും അടങ്ങുന്ന കരുത്തരുടെ ഗ്രൂപ്പിനെ അട്ടിമറിച്ചായിരുന്നു വിദര്‍ഭയുടെ കുതിപ്പ്.

ക്യാപ്റ്റന്‍ ഫായിസ് ഫസലും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറുമാണ് വജ്രായുധങ്ങള്‍. ഗണേഷ് സതീഷ്, ജിതേഷ് ശര്‍മ, ലളിത് യാദവ്, രവി കുമാര്‍ താക്കൂര്‍ എന്നിരാണ് മറ്റ് ശ്രദ്ധേയമായ താരങ്ങള്‍. ആരെയും അട്ടിമറിക്കാനുളള കരുത്താണ് വിഭര്‍ദയെ ശ്രദ്ധേയമാക്കുന്നത്..

അതെസമയം സൗരാഷ്ട്രയ്‌ക്കെതിരെ നേടിയ അട്ടിമറി വിജയമാണു കേരളത്തിന്റെ കുതിപ്പില്‍ വഴിത്തിരിവായത്. നിലവിലെ ചാമ്പ്യന്മാരെന്ന പെരുമയുമായെത്തിയ ഗുജറാത്തിനെ സമനിലയില്‍ തളച്ചു ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായാണു സൗരാഷ്ട്ര കേരളത്തെ നേരിടാന്‍ തുമ്പയിലെത്തിയത്. തോല്‍ക്കാതിരുന്നാല്‍ മതിയായിരുന്നുവെന്ന ക്രിക്കറ്റ് ആരാധകരുടെ പേടിയെ പടിക്കു പുറത്താക്കി 309 റണ്‍സിന്റെ ഉജ്വലവിജയം നേടിയതോടെയാണു കേരളത്തിനു മുന്നില്‍ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തെളിഞ്ഞത്.

കേരളത്തെയും വിദര്‍ഭയേയും കൂടാതെ കര്‍ണാടക, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, മുംബൈ, ബംഗാള്‍ എന്നീ ടീമുകളാണ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.