സക്‌സേന കൊടുങ്കാറ്റായി, ഡല്‍ഹിയെ എറിഞ്ഞിട്ട് കേരളം

രഞജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ ഡല്‍ഹിയെ എറിഞ്ഞിട്ട് കേരളം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ ഒന്‍പതിന് 525 റണ്‍സിന് മറുപടിയായി ബാറ്റ് ചെയ്ത ഡല്‍ഹി കേവലം 142 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ കേരളം 383 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി.

ഇതോടെ ഫോളോ ഓണ്‍ ചെയ്യപ്പെട്ട ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സിലും ബാറ്റ് ചെയ്യുകയാണ്.

ആറ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ഡല്‍ഹിയെ എറിഞ്ഞിട്ടത്. 24 ഓവറില്‍ 63 റണ്‍സ് വഴങ്ങിയാണ് സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തിയത്. സിജുമോന്‍ ജോസഫ് രണ്ട് വിക്കറ്റും വീഴ്ത്തി. സന്ദീപ് വാര്യരും മോനിഷും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ഡല്‍ഹിയ്ക്കായി 25 റണ്‍സ് വീതമെടുത്ത നിതീഷ് റാണയും നവ്ദീപ് സൈനിയുമാണ് ടോപ് സ്‌കോറര്‍. നായകന്‍ ധ്രുവ് 19-ഉം പ്രദീപ് സംഗ്വാന്‍ 17-ഉം റണ്‍സെടുത്തു.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ റോബിന്‍ ഉത്തപ്പയുടേയും നായകന്‍ സച്ചിന്‍ ബേബിയുടേയും മികവിലാണ് കേരളം കൂറ്റന്‍ സ്‌കോറിലെത്തിയത്. സച്ചിന്‍ ബേബി 274 പന്തില്‍ 13 ബൗണ്ടറി അടക്കം 155 റണ്‍സെടുത്തപ്പോള്‍ ഉത്തപ്പ 221 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 102 റണ്‍സെടുത്തു. രാഹുല്‍ 97-ഉം സല്‍മാന്‍ നിസാര്‍ 77 റണ്‍സുമായി കേരളത്തിന് ഉറച്ച പിന്തുണ നല്‍കി.