നിരന്തരം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന, പരിശ്രമിയും ബുദ്ധിശാലിയുമായ ഒരു ക്രിക്കറ്റര്‍!

രാജസ്ഥാന്‍ റോയല്‍സിനെ ക്വാളിഫയറിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ആര്‍.അശ്വിനാണ്. പന്തുകൊണ്ടല്ല, ബാറ്റുകൊണ്ട്! ‘മിസ്റ്റര്‍ യൂട്ടിലിറ്റി’ എന്നാണ് ഇയന്‍ ബിഷപ്പ് അശ്വിനെ വിശേഷിപ്പിച്ചത്. താന്‍ മൂലം ടീമിന് ഉപകാരമുണ്ടാവണം എന്ന പിടിവാശിയുള്ള ക്രിക്കറ്റര്‍.

തനിക്ക് സ്വാഭാവികമായി വഴങ്ങുന്ന കല ബാറ്റിങ്ങാണെന്നും, ബോളിങ്ങ് ആര്‍ജ്ജിച്ചെടുത്ത സിദ്ധിയാണെന്നും അശ്വിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു നാച്ചുറല്‍ ബോളര്‍ അല്ലാത്ത അശ്വിന്‍ പന്തുകൊണ്ട് മായാജാലം സൃഷ്ടിച്ചത് അവിശ്വസനീയമാണ്! ഒരു ടി20 സ്‌പെഷലിസ്റ്റായിട്ടാണ് അശ്വിന്‍ ലൈംലൈറ്റിലേയ്ക്ക് വന്നത്. അവിടെ നിന്നാണ് റെഡ്‌ബോള്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബോളര്‍മാരിലൊരാളായി മാറിയത്!

ചഹലും കുല്‍ദീപും വന്നപ്പോള്‍ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമിലെ സ്ഥാനം കൈമോശം വന്നയാളാണ് അശ്വിന്‍. ഫിംഗര്‍സ്പിന്‍ കാലാഹരണപ്പെട്ട കലയാണ് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അങ്ങനെയുള്ളപ്പോള്‍ കരിയറിന്റെ സായാഹ്ന ഘട്ടത്തില്‍ നില്‍ക്കുന്ന അശ്വിനെ രാജസ്ഥാന്‍ ലേലം വിളിച്ചെടുത്തപ്പോള്‍ ആരും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

ഇപ്പോള്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും അശ്വിന്‍ രാജസ്ഥാന് കരുത്താകുന്നു! അശ്വിന് പവര്‍ഹിറ്റിങ്ങ് അത്ര വഴങ്ങുമായിരുന്നില്ല. ഇപ്പോള്‍ അതും വികസിപ്പിച്ചെടുത്തിരിക്കുന്നു. നിരന്തരം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന, പരിശ്രമിയും ബുദ്ധിശാലിയുമായ ഒരു ക്രിക്കറ്റര്‍…