സഞ്ജു ടീം ഇന്ത്യയില്‍ കളിക്കേണ്ടവന്‍, നേരിടുന്ന പ്രശ്‌നമിതാണെന്ന് വെളിപ്പെടുത്തി ഹര്‍ഷ ഭോഗ്ലെ

2013ല്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ച് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ സഞ്ജു സാംസണിനെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് പ്രശസ്ത കമന്റേറ്ററും ക്രിക്കറ്റ് വിദഗ്ദ്ധനുമായ ഹര്‍ഷ ഭോഗ്ലെ. സഞ്ജുവിന്റെ നേട്ടങ്ങളെയെല്ലാം പ്രശംസിച്ച് രംഗത്ത് വരുമ്പോഴും അദ്ദേഹം സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ചൂണ്ടികാണിക്കുന്നു.

ഐപിഎല്ലില്‍ രാജസ്ഥാനെ വിജയത്തിലെത്തിയ സഞ്ജുവിന്റെ ഇന്നിംഗ്‌സിനിടയിലും മലയാളി താരത്തിന്റെ സ്ഥിരതയില്ലായ്മയില്‍ നിരാശ പ്രകടിപ്പിച്ച് ഹര്‍ഷ ഭോഗ്ലെ രംഗത്തെത്തി.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സഞ്ജു ബാറ്റ് ചെയ്യുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു ഭോഗ്ലെയുടെ അഭിപ്രായ പ്രകടനം. ഒരു മികച്ച താരമാകാനുള്ള എല്ലാവിധ യോഗ്യതയുമുണ്ടായിട്ടും സഞ്ജു തന്റെ ഏറ്റവും മികച്ച ലെവലില്‍ കളിക്കാത്തത് തന്നെ എപ്പോഴും അമ്പരപ്പിക്കുന്നുണ്ടെന്ന് ഭോഗ്ലെ പറയുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടുന്നതിന് സഞ്ജുവിന് തിരിച്ചടിയാകുന്നത് പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം കഴിഞ്ഞ സീസണ്‍ ഐപിഎല്ലിലും സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ സണ്‍ റൈസേഴ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ താരത്തിന് പിന്നീട് പക്ഷേ അതേ മികവ് തുടരാനായില്ല. 12 മത്സരങ്ങളില്‍ 34.20 ശരാശരിയില്‍ 342 റണ്‍സാണ് ഈ സീസണില്‍ സഞ്ജുവിന്റെ സമ്പാദ്യം.