ടീം ഇന്ത്യ വിളിക്കുന്നു; അമ്പയര്‍ ചെവിയില്‍ ആ രഹസ്യം പറഞ്ഞു

രഞ്ജിയില്‍ സര്‍വ്വീസസിനെതിരെ കളിക്കുമ്പോഴായിരുന്നു അമ്പയര്‍ സിദ്ധാര്‍ത്ഥ് കൗറിന്റെ ചെവിയില്‍ ആ രഹസ്യം പറഞ്ഞത്. കൗറിനെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നതായിരുന്നു ആ വാര്‍ത്ത. അതെ ടീം ഇന്ത്യയിലേക്ക് വിളി വന്നിരിക്കുന്നുവെന്ന്.

ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങളിലേക്കാണ് ഇതാദ്യമായി കൗര്‍ ടീം ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി കൗറിന്റെ കഠിന പരിശ്രമത്തിനുളള പ്രതിഫലം കൂടിയായിരുന്നു ടീം ഇന്ത്യയിലേക്കുളള ആ വിളി.

2008ല്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം ക്രിക്കറ്റ് ലോകത്തേയ്ക്ക് പിച്ചവെച്ചതാരമാണ് കൗറും. എന്നാല്‍ കോഹ്ലി ടീം ഇന്ത്യയിലെത്തിയതിന് 10 വര്‍ശത്തിന് ഇപ്പുറമാണ് കൗറിന് ടീം ഇന്ത്യയില്‍ ഒന്ന് കയറാനെങ്കിലും ആയത്. അപ്പോഴേക്കും ടീം ഇന്ത്യയുടെ നായകന്‍ വരെ ആയികഴിഞ്ഞിരുന്നു. ഇതിനെ കുറിച്ച് കൗര്‍ കഴിഞ്ഞ ദിവസം വാചാലനായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് തനിക്കുള്ള ക്ഷണം വൈകിയെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ ഒടുവില്‍ ആ സ്വപ്നം യാഥാര്‍ഥ്യമായതില്‍ ദൈവത്തിന് നന്ദി പറയുന്നതായി സിദ്ധാര്‍ഥ പറയുന്നു. ദേശീയ ടീമിലേക്ക് എത്തുക എന്നതാണ് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ അതിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലായിരുന്നതായും സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് കൗര്‍ കാഴ്ച്ചവെച്ചത്. 50 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി് 175 വിക്കറ്റുകള്‍ സിദ്ധാര്‍ഥ് നേടി. അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം ഇന്ത്യന്‍ എ ടീമിനായും സിദ്ധാര്‍ഥ് മികച്ച കളി പുറത്തെടുത്തു കൊണ്ടിരുന്നു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ജയത്തിന് നിര്‍ണായകമായ ഘടകങ്ങളില്‍ ഒന്ന് സിദ്ധാര്‍ഥിന്റെ മികച്ച ബൗളിങ്ങായിരുന്നു. കളിച്ച പത്ത് ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളായിരുന്നു സിദ്ധാര്‍ഥ് പിഴുതത്.