കുക്കിന്റെ ആത്മകഥയില്‍ വാര്‍ണര്‍ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇംഗ്ലണ്ട് മുന്‍ നായകന്‍ അലസ്റ്റര്‍ കുക്കിന്റെ ആത്മകഥയില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റില്‍ നടത്തിയ പന്ത് ചുരണ്ടലിന്റെ പേരില്‍ പിടിക്കപ്പെടുന്നതിന് മുമ്പും ഓസീസ് താരം പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചിരുന്നതായാണ് ആരോപണം.

കുക്ക് എഴുതിയ ദി ഓട്ടോബയോഗ്രഫി എന്ന ആത്മകഥയിലാണ് ആരോപണം. ഇംഗ്ലണ്ടിന് വേണ്ടി 161 ടെസ്റ്റുകള്‍ കളിച്ച് 12472 റണ്‍സ് തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത കുക്കിന്റെ ആത്മകഥ സെപ്റ്റംബര്‍ 5-നാണ് പ്രസിദ്ധീകരിച്ചത്.

2017-18 ആഷസ് പരമ്പരയ്ക്ക് ശേഷം ഓസീസ് ടീമിലെ ചില താരങ്ങള്‍ക്കൊപ്പം തങ്ങള്‍ ബിയര്‍ കഴിച്ച് സൗഹൃദം പങ്കുവെച്ചിരുന്നു. ബിയര്‍ കുടിച്ച് ആഘോഷിക്കുന്നതിന് ഇടയിലാണത്രെ വാര്‍ണര്‍ ഇക്കാര്യം കുക്കിനോട് പറഞ്ഞത്.

പന്തിന്റെ അവസ്ഥ മോശമാക്കുന്നതിന് വേണ്ടി കയ്യില്‍ താന്‍ സ്ട്രാപ്പ് ധരിച്ചുവെന്ന്. ഫസ്റ്റ് ക്ലാസ് മത്സരത്തിന് ഇടയിലാണ് താനിത് ചെയ്തത് എന്നും വാര്‍ണര്‍ പറഞ്ഞതായാണ് കുക്ക് പറയുന്നത്. വാര്‍ണര്‍ ഇങ്ങനെ പറയുന്നത് കേട്ട് സ്മിത്ത് പറഞ്ഞു, “നീ അത് പറയാന്‍ പാടില്ലായിരുന്നു”.

2018-ലുണ്ടായ സാന്‍ഡ്പേപ്പര്‍ വിവാദം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ നല്ലതിലാണ് കലാശിച്ചത് എന്നും കുക്ക് തന്റെ ആത്മകഥയില്‍ എഴുതുന്നു. ഈ സംഭവത്തോടെ ഏത് വിധേനയും ജയിക്കുക എന്ന സംസ്‌കാരമല്ല ഓസ്ട്രേലിയന്‍ ജനത ആഗ്രഹിക്കുന്നത് എന്ന് അവര്‍ക്ക് ബോദ്ധ്യപ്പെട്ടെന്നും കുക്ക് വിലയിരുത്തുന്നു.