'സച്ചിനെ മനഃപൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു'; വെളിപ്പെടുത്തലുമായി അക്തര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പാക് പേസ് ഇതിഹാസം ഷുഐബ് അക്തര്‍. കറാച്ചി ടെസ്റ്റിനിടെ വിക്കറ്റ് വീഴ്ത്താനുള്ള പ്രയാസം കൊണ്ട് സച്ചിനെ എറിഞ്ഞ് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച സംഭവമാണ് അക്തര്‍ വെളിപ്പെടുത്തിയത്.

‘ആ ടെസ്റ്റ് മത്സരത്തില്‍ സച്ചിനെ മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. സച്ചിന്റെ ഹെല്‍മറ്റിന് തന്നെ ലക്ഷ്യം വെച്ചു. എങ്ങനെയും പരിക്കേല്‍പ്പിക്കാനാണ് ശ്രമിച്ചത്. വിക്കറ്റില്‍ പന്തെറിയാനാണ് ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ഹഖ് പറഞ്ഞത്. എന്നാല്‍ സച്ചിന്റെ ഹെല്‍മറ്റായിരുന്നു എന്റെ ലക്ഷ്യം.’

‘ഹെല്‍മറ്റില്‍ പന്തെറിഞ്ഞപ്പോള്‍ എല്ലാം തീര്‍ന്നുവെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ പിന്നീട് അതിന്റെ വീഡിയോ കണ്ടപ്പോഴാണ് സച്ചിന് ഒന്നും പറ്റിയില്ലെന്നത് എനിക്ക് മനസിലായത്. സച്ചിന്‍ തന്റെ തലയെ ഭംഗിയായി സംരക്ഷിക്കുന്നത് ഞാന്‍ കണ്ടു. തുടര്‍ന്നും ഞാന്‍ സച്ചിനെ പരിക്കേല്‍പ്പിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മറുവശത്ത് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ആസിഫിന്റെ ബൗളിങ്ങിന് മുന്നില്‍ പതറുകയായിരുന്നു’ അക്തര്‍ പറഞ്ഞു.

Read more

ഒരുകാലത്ത് ക്രിക്കറ്റില്‍ സച്ചിന്‍-അക്തര്‍ പോരാട്ടങ്ങള്‍ക്ക് വമ്പന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സച്ചിനെ നിരവധി തവണ അക്തര്‍ പുറത്താക്കിയിട്ടുണ്ടെങ്കിലും സച്ചിന്റെ ബാറ്റിങ് ചൂട് അക്തറും നന്നായി അറിഞ്ഞിട്ടുണ്ട്.