ടെസ്റ്റില്‍ രഹാന നായകന്‍; ഏകദിനത്തില്‍ രോഹിത്ത്

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഉപനായകന്‍ അജയ്ക്യ രഹാനയായിരിക്കും ഇന്ത്യയെ നയിക്കുക. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായിട്ടാണ് കോഹ്ലിയ്്ക്ക് വിശ്രമം അനുവദിക്കുന്നത്.

കൂടാതെ ഡിസംബറില്‍ ശ്രീലങ്കയുമായി നടക്കുന്ന ഏകദിന, ട്വന്റി 20 പരമ്പരകളിലും കോഹ്ലി ഇന്ത്യന്‍ ടീമിലുണ്ടാകില്ല.

നേരത്തെ തിരക്കേറിയ മത്സരക്രമങ്ങള്‍ കാരണം താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്ന് കോഹ്ലി തുറന്നടിച്ചിരുന്നു. തങ്ങള്‍ റോബോര്‍ട്ടുകളല്ലെന്നും മനുഷ്യരാണെന്നുമാണ് കോഹ്ലിയുടെ പരസ്യ വിമര്‍ശനം. ഇതേതുടര്‍ന്നാണ് ഇന്ത്യന്‍ നായകന് വിശ്രമം അനുവദിക്കാന്‍ മാനേജുമെന്റ് ആലോചിക്കുന്നത്.

അതെസമയം ഏകദിന ടി20 മത്സരത്തില്‍ കോഹ്ലിയ്ക്ക് പകരം രോഹിത്ത് ശര്‍മ്മയായിരിക്കും ടീം ഇന്ത്യയെ നയിക്കുക. മുതിരന്ന താരങ്ങള്‍ക്ക് വിശ്രമം ലഭിക്കുന്നതോടെ ഏകദിനത്തില്‍ സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്കും അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.