അട്ടിമറിക്ക് മുമ്പില്‍ മഴയും തോറ്റു, ചരിത്രവിജയവുമായി അഫ്ഗാന്‍

അഫ്ഗാന്റെ പോരാട്ടവീര്യത്തിന് മുമ്പില്‍ ബംഗ്ലാദേശും മഴയും തോറ്റപ്പോള്‍ ചരിത്രം പിറന്നു. ബംഗ്ലാ കടുവകളെ 224 റണ്‍സിന് തകര്‍ത്ത് ടെസ്റ്റ് ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം ആഘോഷിച്ചു.

അഞ്ചാം ദിനം മൂന്ന് തവണ കളി തടസ്സപ്പെട്ടപ്പോള്‍ അമ്പയര്‍ എറിയാന്‍ അനുവദിച്ച 18.3 ഓവറിനുളളിലാണ് വിജയത്തിന് തടസ്സമായി നിന്ന നാല് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന്‍ വീഴ്ത്തിയത്. നായകന്‍ റാഷിദ് ഖാന്‍ തകര്‍പ്പന്‍ പ്രകടനമാണ് അഫ്ഗാനെ അര്‍ഹമായ വിജയത്തിലെത്തിച്ചത്. ഇന്നിംഗ്‌സില്‍ 21. 4 ഓവറില്‍ 49 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. ഇന്ന് വീണ നാല് വിക്കറ്റില്‍ മൂന്നും നേടി മത്സരല്‍ 11 വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്. സഹീര്‍ ഖാന്‍ മൂന്ന് വിക്കറ്റ് നേടി.

അഞ്ചാം ദിവസം 2.1 ഓവര്‍ ഉച്ചയ്ക്ക് ശേഷം എറിഞ്ഞുവെങ്കിലും വീണ്ടും മഴയെത്തിയതോടെ മത്സരം സമനിലയിലേക്കെന്ന് ഉറപ്പിച്ചു. എന്നാല്‍ അവസാന മണിക്കൂര്‍ കളി സാധ്യമായത് അഫ്ഗാന് തുണയായി. ബ്രേക്കിന് ശേഷം എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി സഹീര്‍ ഖാന്‍ അഫ്ഗാനിസ്ഥാന് വലിയ ആശ്വാസമാണ് നല്‍കിയത്. പത്തില്‍ താഴെ മാത്രം ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ മെഹ്ദി ഹസനെ പുറത്താക്കി റഷീദ് ഖാന്‍ അഫ്ഗാനിസ്ഥാനെ ജയത്തിന് അരികെയെത്തിച്ചു.

59 പന്തുകളോളം കളിച്ച് അവസാന ചെറുത്തുനില്‍പ്പ് നടത്തിയ  സൗമ്യ സര്‍ക്കാരിനെ പുറത്താക്കി റഷീദ് ഖാന്‍ ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 61.4 ഓവറില്‍ 173 റണ്‍സിനാണ് ബംഗ്ലാദേശ് ഓള്‍ഔട്ട് ആയത്.