ക്യാപ്റ്റനെ മാറ്റിയ സംഭവം, അഫ്ഗാന്‍ ടീമില്‍ കലാപം

ലോകകപ്പിന് തൊട്ട് മുമ്പ് നായകന്‍ അസ്ഗര്‍ അഫ്ഗാനെ മാറ്റിയതിനെ ചൊല്ലി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ കലാപം. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ പ്രധാന താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇവര്‍ പരസ്യമായി പ്രതികരിച്ചത്.

നാല് വര്‍ഷമായി മൂന്ന് ഫോര്‍മാറ്റുകളിലും അസ്ഗര്‍ അഫ്ഗാനായിരുന്നു ടീമിനെ നയിച്ചിരുന്നത്. ടെസ്റ്റ്, ഏകദിന, ടി20 ടീം നായക പദവിയില്‍ നിന്ന് അസ്ഗര്‍ അഫ്ഗാനെ മാറ്റിയ സെലക്ഷന്‍ കമ്മിറ്റി പകരം ഗുല്‍ബാദിന്‍ നെയ്ബിനെ ഏകദിന ടീമിന്റെ നായകനായി തെരഞ്ഞെടുത്തു. നെയ്ബ് ആണ് അഫ്ഗാനെ ലോകകപ്പില്‍ നയിക്കുക.

ടെസ്റ്റ് ക്യാപ്റ്റനായി റഹ്മത്ത് ഷായെയും ടി20 ടീം നായകനായി റാഷിദ് ഖാനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 2015ല്‍ മുഹമ്മദ് നബിക്ക് പകരമാണ് അസ്ഗര്‍ അഫ്ഗാന്‍ ടീമിന്റെ നായകനായത്. ഇക്കാലത്താണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം വിസ്മയനേട്ടങ്ങള്‍ കൈവരിച്ചത്. അസ്ഗറിന് കീഴില്‍ അഫ്ഗാനിസ്ഥാന് ഐസിസിയില്‍ പൂര്‍ണ അംഗത്വം ലഭിക്കുകയും അയര്‍ലന്‍ഡിനെതിരെ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനെ 33 ഏകദിനങ്ങളില്‍ നയിച്ച അസ്ഗര്‍ 2019 ഏകദിന ലോകകപ്പിന് ടീമിന് യോഗ്യത നേടിക്കൊടുക്കുന്നതിലും നിര്‍ണായക സംഭാവന നല്‍കി. ടി20യില്‍ 46 മത്സരങ്ങളില്‍ 37 ജയങ്ങളും അസ്ഗറിന്റെ പേരിലുണ്ട്.