ലോക കപ്പിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഡിവില്ലിയേഴ്‌സ് ആഗ്രഹിച്ചിരുന്നു; അനുവദിക്കാതെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ലോക കപ്പില്‍ കിരീട സാധ്യതയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ടീമായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും തോല്‍വി വഴങ്ങി കിരീടസാധ്യത പരുങ്ങലിലാക്കിയിരിക്കുകയാണ് അവര്‍. ഇംഗ്ലണ്ടിനോട് തോറ്റു തുടങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും മൂന്നാം കളിയില്‍ ഇന്ത്യയോടും തോല്‍വി വഴങ്ങി. ഈ അവസരത്തില്‍ എ.ബി ഡിവില്ലിയേഴ്‌സ് ഉണ്ടായിരുന്നെങ്കിലെന്നാണ് ഒരുപറ്റം ആരാധകരെങ്കിലും ചിന്തിക്കുന്നത്. എന്നാല്‍ എ.ബിയുടെ ആരാധകരെ ഞെട്ടിച്ച് പുതിയ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുകയാണ്.

ലോക കപ്പിന് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഡിവില്ലിയേഴ്‌സ് ആഗ്രഹിച്ചിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അതിന് സമ്മതം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക കപ്പ് ടീം പ്രഖ്യാപനത്തിന് ഒരു ദിവസം മുമ്പ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള ആഗ്രഹവുമായി ഡിവില്ലിയേഴ്‌സ്, ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്, ദേശീയ പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍, സെലക്ടര്‍ കണ്‍വീനര്‍ ലിന്‍ഡ സോന്‍ഡി എന്നിവരെ സമീപിച്ചിരുന്നു.

Read more

എന്നാല്‍ ഡിവില്ലിയേഴ്‌സിനെ ടീമിലടുത്താല്‍ മികച്ച പ്രകടനം കാഴ്ച വെച്ചു കൊണ്ടിരുന്ന ഐഡന്‍ മാര്‍ക്രം, റാസി വാന്‍ഡര്‍ ഡസന്‍ എന്നിവരില്‍ ഒരാളെ ലോക കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നേനെ. ഇത് ശരിയായ നടപടിയല്ലെന്ന് വിലയിരുത്തിയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡിവില്ലിയേഴ്‌സിന്റെ ആഗ്രഹം തള്ളിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.