ഈ സീസണോടെ ഐ.പി.എല്‍ നിര്‍ത്തുമോ?; തീരുമാനം അറിയിച്ച് ഡിവില്ലിയേഴ്‌സ്

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മിന്നും താരമാണ് എബി ഡിവില്ലിയേഴ്‌സ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഡിവില്ലിയേഴ്‌സ് ഇപ്പോള്‍ ടി20 ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കളിക്കുന്നത്. ഇപ്പോഴഇതാ ഈ സീസണോടെ ഐ.പി.എല്ലും നിര്‍ത്തുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.

‘എന്റെ കരിയറിന്റെ അവസാന ഘട്ടമാണ് ഇത്. എന്നാല്‍ ഐ.പി.എല്ലില്‍ ഇത് എന്റെ അവസാന സീസണായിരിക്കില്ല. ഞാന്‍ ഇപ്പോള്‍ ഈ 2021 സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു’ വില്ലിയേഴ്‌സ് വ്യക്തമാക്കി.

സെപ്തംബര്‍ 19നാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ദുബായ്, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. 13 മല്‍സരങ്ങള്‍ ദുബായിലും 10 മല്‍സരങ്ങള്‍ ഷാര്‍ജ്ജയിലും എട്ട് മല്‍സരങ്ങള്‍ അബുദാബിയിലും നടക്കും.