ടീം ഇന്ത്യയില്‍ പന്തിന് കൊടുക്കേണ്ടത് മറ്റൊരു സ്ഥാനം, മുന്‍ ഇന്ത്യന്‍ താരം പറയുന്നു

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ കൂടി പരാജയപ്പെട്ടതോടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ “ചോരയ്ക്കായി” ആരാധകരില്‍ നിന്നും മുറവിളി ഉയരുകയാണ്. പന്തിനെ ടീം ഇന്ത്യയില്‍ നിന്നും പുറത്താക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഇതിനായി ധോണിയെ വരെ തിരിച്ചുവിളിക്കണമെന്ന് പോലും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.

പന്തിന് പകരം ശ്രേയസ് അയ്യരേയും സഞ്ജു സാംസണിനേയോ ഇഷാന്‍ കിഷനേയോ എല്ലാം പരീക്ഷിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ പന്തിന്റെ മോശം പ്രകടനത്തിന് പിന്നില്‍ മറ്റൊരു കാരണമുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. പന്തിനെ നാലാം സ്ഥാനത്ത് നിന്നും മാറ്റി അവിടെ ശ്രേയസിനെ കളിപ്പിക്കണമെന്ന് ചോപ്ര ആവശ്യപ്പെടുന്നു.

“നിര്‍ണായകമായ നാലാം സ്ഥാനത്ത് ഇനിയും പന്തിനെ പരീക്ഷിക്കരുത്. ശ്രേയസ് അയ്യരെ ആ സ്ഥാനത്ത് കളിപ്പിക്കണം. നാലാം സ്ഥാനത്ത് കളിക്കാന്‍ സാങ്കേതിക തികവുള്ള താരമാണ് ശ്രേയസ്. പന്തിനെ അഞ്ചാമത് കളിപ്പിക്കണം. ചിലപ്പോള്‍ അഞ്ചാം സ്ഥാനത്ത് തിളങ്ങാന്‍ സാധിച്ചേക്കും.” ചോപ്ര നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡും അടുത്തിടെ പന്തിന്റെ അശ്രദ്ധമായ ബാറ്റിംഗ് ശൈലിയെ കുറ്റപ്പെടുത്തിയിരുന്നു.