ഐ.പി.എല്‍ 2021: കോഹ്‌ലി തകര്‍ക്കും എന്നാല്‍ ടീം തോല്‍വിയാകും, പ്രവചനം

ഐ.പി.എല്‍ 14ാം സീസണ്‍ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ പ്രവചനവുമായി ആകാശ് ചോപ്ര. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ പ്ലേഓഫില്‍ കടക്കില്ലെന്ന് ചോപ്ര പറഞ്ഞു. എന്നാല്‍ കോഹ് ലിക്ക് ഈ സീസണ്‍ മികച്ചതായിരിക്കുമെന്നും ചോപ്ര പറയുന്നു.

“അവര്‍ പ്ലേ ഓഫില്‍ യോഗ്യത നേടില്ലെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷത്തിനിടയിലെ അവരുടെ ഏറ്റവും മികച്ച ടീമായിരുന്നു കഴിഞ്ഞ സീസണിലേത്. എന്നിട്ടും അവസാന മത്സരങ്ങളില്‍ അവരുടെ വീര്യം ഇല്ലാതായി. ഇക്കുറിയും അവര്‍ക്ക് മോശം തുടക്കമാകാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഈ ടീമില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാകും.”

IPL 2020 : Aakash Chopra, Ajit Agarkar join Hindi commentary panel for IPL 2020

“ഈ സീസണില്‍ കോഹ്‌ലിയായിരിക്കും ഓറഞ്ച് ക്യാപ് സ്വന്തമാക്കുക. അവനിപ്പോള്‍ മികച്ച ഫോമിലാണ് കൂടാതെ അവന്‍ സീസണില്‍ ഓപ്പണ്‍ ചെയ്യുന്നു. കോഹ്‌ലിയ്‌ക്കൊപ്പം കെ.എല്‍. രാഹുലും റിഷഭ് പന്തും ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിനുണ്ടാകും, ചിലപ്പോള്‍ ഡേവിഡ് വാര്‍ണറും. അവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ കോഹ് ലിയായിരിക്കും വിജയിക്കുക. എന്നാല്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തില്ലയെങ്കില്‍ അവന്‍ ചിലപ്പോള്‍ പുറകിലായേക്കാം” ചോപ്ര പറഞ്ഞു.

ഐ.പി.എല്ലില്‍ ഇതുവരെ കിരീടം നേടാനാകാത്ത ടീമുകളിലൊന്നാണ് കോഹ്‌ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ്. ഇത്തവണ ആ ക്ഷീണം തീര്‍ക്കാനാണ് കോഹ്‌ലിയുടെയും കൂട്ടരുടെയും ശ്രമം. വെടിക്കെട്ട് താരങ്ങളുടെ നീണ്ട നിരയുണ്ടെങ്കിലും ബാംഗ്ലൂരിനെ നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്.

വെള്ളിയാഴ്ചയാണ് ഐ.പി.എല്‍ പുതിയ സീസണ് തുടക്കമാകുക. ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ചെന്നൈയില്‍ വൈകിട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.