മഹേലയുടെ കാര്യത്തില്‍ തീരുമാനമായി; ഇന്ത്യക്ക് നിരാശ നല്‍കുന്ന ഫലം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ക്ഷണം നിരസിച്ച ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയ്ക്ക് പുതിയ ദൗത്യം. ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റായി മഹേലയെ നിയമിച്ചു. വെസ്റ്റിന്‍ഡീസ് ആതിഥ്യം വഹിക്കുന്ന അണ്ടര്‍ 19 ലോക കപ്പിനുള്ള ലങ്കന്‍ ടീമിന്റെ മാര്‍ഗിനിര്‍ദേശകന്റെ ചുമതലയും മഹേലയ്ക്ക് നല്‍കിയിട്ടുണ്ട്.

യുഎഇയിലും ഒമാനിലുമായി നടക്കുന്ന ട്വന്റി20 ലോക കപ്പിന്റെ പ്രാഥമിക റൗണ്ടിലാണ് മഹേല ലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റാവുക. ഒരാഴ്ച ലങ്കന്‍ ടീമിനൊപ്പം മഹേലയുണ്ടാവും. അണ്ടര്‍ 19 ടീമിനൊപ്പം അഞ്ച് മാസവും മഹേല ചെലവിടും.

ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനെന്ന നിലയിലെ മികച്ച റെക്കോഡാണ് ലങ്കന്‍ ടീമിന്റെ പ്രകടനം നിലവാരമുയര്‍ത്താനുള്ള ദൗത്യം മഹേലയെ ഏല്‍പ്പിക്കാന്‍ കാരണം. ഐപിഎല്‍ പൂര്‍ത്തിയായശേഷം അദ്ദേഹം ലങ്കന്‍ ടീമിനൊപ്പം ചേരും. ലങ്കന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള മഹേലയുടെ ആദ്യ ചുവടായി ഇപ്പോഴത്തെ നിയമനങ്ങള്‍ വിശേഷിക്കപ്പെടുന്നു. ലങ്കന്‍ കോച്ചാകാനുള്ള താല്‍പര്യം മഹേല ജയവര്‍ധനെ നേരത്തെ പ്രകടിപ്പിച്ചിരുന്നു.