പരമ്പര നേടിയാന്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച രീതിയില്‍ ഏകദിന പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് അപൂര്‍വ്വ നേട്ടം. ഐസിസി ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും എന്നതാണ് അത്.

നിലവില്‍ ഏകദിനറാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാല്‍ ആറ് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 4-2ന്റേയോ അതിനേക്കാള്‍ മികച്ച വിജയമോ ഒന്നാം സ്ഥാനത്തെത്തണമെങ്കില്‍ ഇന്ത്യയ്ക്കാവശ്യമാണ്. അങ്ങനെ സംഭവിച്ചാല്‍ അത് ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിനുളള മുധുര പ്രതികാരം കൂടിയായി മാറും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് കൈവിട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ 4-2ന് വിജയിക്കുക അത്ര എളുപ്പമല്ല. പരാജയപ്പെട്ടാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഇന്ത്യ പിന്തള്ളപ്പെടും.

അതേസമയം ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര സമനിലയായാല്‍ മതി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 6,386 പോയിന്റും 120 റേറ്റിംഗുമാണുള്ളത്. എന്നാല്‍ ഇന്ത്യക്ക് 6,680 പോയിന്റുണ്ടെങ്കിലും 119 റേറ്റിംഗ് മാത്രമേയുള്ളൂ.