സെഞ്ച്വറിയുമായി കോഹ്ലി-വിജയ് കൊടുങ്കാറ്റ്; ടീം ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടേയും മുരളി വിജയുടേയും മികവിലാണ് ടീം ഇ്ന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറുന്നത്.

163 പന്തില്‍ ഒന്‍പത് ബൗണ്ടറി സഹിതമാണ് മുരളി വിജയ് സെഞ്ച്വറി നേടിയത്. വിരാട് കോഹ്ലിയാകട്ടെ 110 പന്തില്‍ 14 ബൗണ്ടറികളുടെ സഹായത്തോടെയാണ് സെഞ്ച്വറി സ്വന്തമാക്കിയത്. മുരളി വിജയ് കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയും കോഹ്ലി ഡബിള്‍ സെഞ്ച്വറിയും നേടിയിരന്നു. മുരളി വിജയുടെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ്. കോഹ്ലിയുടേതാകട്ടെ 20ാം ടെസ്റ്റ് സെഞ്ച്വറിയും ആണ്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയിലാണ്. 23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റേയും ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെഎല്‍ രാഹുലിന് പകരം ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.

അതെസമയം ലങ്കന്‍ നിരയിലും മാറ്റങ്ങളുണ്ട്. ലഹ്റു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടു. പകരം ധനഞ്ജയ സില്‍വയും റോഷന്‍ സില്‍വയും ടീമില്‍ ഇടംപിടിച്ചു. മധ്യനിര ബാറ്റ്സ്മാനായ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. 103 ഫസ്റ്റ് ക്ലാസ് മത്സരത്തിന് ശേഷമാണ് സില്‍വ ശ്രീലങ്കന്‍ ജെഴ്സി അണിയുന്നത്.

Read more

നിലവില്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യ അനായാസം വിജയിച്ചു