സമനില പിടിച്ച് ലങ്ക; പരമ്പര നേട്ടത്തോടെ ഇന്ത്യയ്ക്ക് ലോകറെക്കോര്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് വീരോചിത സമനില. ധനഞ്ജന്‍ സില്‍വയും റോഷന്‍ സില്‍വയും ഡിക് വല്ലയുമെല്ലാം തീര്‍ത്ത പ്രതിരോധ കവചം പൊട്ടിക്കാനാകാതെ ടീം ഇന്ത്യ ഉഴറിയപ്പോള്‍ ശ്രീലങ്ക മൂന്നാം ടെസ്റ്റില്‍ സമനില സ്വന്തമാക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കി.

പരമ്പര നേട്ടത്തോടെ ഇന്ത്യ ഒരു ലോകറെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചു. തുടര്‍ച്ചയായി ഒമ്പതാം പരമ്പര ജയമെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്.

410 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ശ്രീലങ്ക അഞ്ചിന് 299 എന്ന നിലയില്‍ നില്‍ക്കെ മല്‍സരം അവസാനിക്കുകയായിരുന്നു.

സ്‌കോര്‍: ഇന്ത്യ- ഏഴിന് 536 ഡിക്ലയേര്‍ഡ് & അഞ്ചിന് 246 ഡിക്ലയേര്‍ഡ്, ശ്രീലങ്ക- 373 & അഞ്ചിന് 299

മൂന്നിന് 31 എന്ന നിലയില്‍ തകര്‍ന്നുപോയ ശ്രീലങ്കയെ അനായാസം പുറത്താക്കി വിജയം സ്വന്തമാക്കാമെന്നായിരുന്നു വിരാട് കോലിയും കൂട്ടരും സ്വപ്നം കണ്ടത്. എന്നാല്‍ ഒരുവശത്ത് ധനഞ്ജയ് ഡി സില്‍വ നടത്തിയ അപരാജിത പോരാട്ടം ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ക്കുകയായിരുന്നു. ഒടുവില്‍ റിട്ടയര്‍ഡ് ഹര്‍ട്ട് ആയി പവലിയനിലേക്ക് മടങ്ങുമ്പോള്‍ 219 പന്തില്‍ 119 റണ്‍സ് നേടിയിരുന്നു.

മധ്യനിരക്കാരെ കൂട്ടുപിടിച്ച് ധനഞ്ജയ് ഡി സില്‍വ നടത്തിയ സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പിന് മുന്നില്‍ ഇന്ത്യന്‍ ആവനാഴിയിലെ അസ്ത്രങ്ങളൊന്നും മതിയായിരുന്നില്ല. 36 റണ്‍സെടുത്ത ദിനേഷ് ചണ്ഡിമലും പുറത്താകാതെ 74 റണ്‍സെടുത്ത റോഷന്‍ സില്‍വയും 44 റണ്‍സെടുത്ത നിരോഷന്‍ ഡിക്കവെല്ലയും ചേര്‍ന്നാണ് ലങ്കയെ തോല്‍ക്കാതെ രക്ഷിച്ചത്.

ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. അശ്വിനും മുഹമ്മദ് ഷമ്മിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നേരത്തെ ഇരട്ടസെഞ്ച്വറി നേടിയ നായകന്‍ വിരാട് കോലി(243), സെഞ്ച്വറി നേടിയ ഓപ്പണര്‍ മുരളി വിജയ്(155) എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഏഴിന് 536 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 373 റണ്‍സിന് പുറത്തായി. 164 റണ്‍സെടുത്ത നായകന്‍ ദിനേഷ് ചന്ദിമാല്‍ ആയിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍.രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ അതിവേഗം 243 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Read more

ഇനി അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ടി20 മത്സവും ആണ് ഉളളത്. കോഹ്ലിയ്ക്ക് പകരം രോഹിത്ത് ശര്‍മ്മയാകും ടീം ഇന്ത്യ നയിക്കുക.