കളിയിലെ കേമനും പരമ്പരയിലെ താരവും സര്‍പ്രൈസ്!, ഓസീസിനെ ടീം ഇന്ത്യ ഞെട്ടിച്ചത് ഇങ്ങനെ

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം പത്ത് വിക്കറ്റിന് തോറ്റതോടെ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ അപ്രമാദിത്യം ചോദ്യം ചെയ്യുകയായിരുന്നു ലോകമാധ്യമങ്ങള്‍. എന്നാല്‍ ജയിക്കുന്നതിനൊപ്പം തോല്‍ക്കാന്‍ കൂടി കരുത്തുളള ടീമാണ് ഇന്ത്യയെന്ന് പിന്നീട് അതേ മാധ്യമങ്ങളെ കൊണ്ട് എഴുതിപ്പിക്കാന്‍ ടീം ഇന്ത്യയ്ക്കായി.

പഴയ ഇന്ത്യന്‍ ടീമായിരുന്നെങ്കില്‍ ഇങ്ങനെയൊരു കനത്ത തോല്‍വിയ്ക്ക് മുന്നില്‍ ആ പരമ്പരയെ കുറിച്ച് പിന്നീട് ചിന്തിക്കില്ലായിരുന്നു. അതായത് തോല്‍വിയൊന്നും ബാധിക്കാത്ത വിധം ടീം ഇന്ത്യ കോഹ്ലിയ്ക്ക് കീഴില്‍ കൂടുതല്‍ പ്രൊഫഷണല്‍വത്ക്കരിച്ചിരിക്കുന്നു.

മൂന്നാം ഏകദിനത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുത്തത് പ്രതീക്ഷിച്ചത് പോലെ തന്നെ രോഹിത്ത് ശര്‍മ്മയെയായിരുന്നു. അതെസമയം പരമ്പരയിലെ താരമായി മാറിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ്. സ്മിത്തും വാര്‍ണറുമെല്ലാം അടങ്ങുന്ന ഓസീസ് ടീമിന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രഹരമായി മാറി ഇത്.

മത്സരത്തില്‍ 287 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് കരുത്തായത് രോഹിത്ത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. 128 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 119 റണ്‍സാണ് രോഹിത്ത് അടിച്ചെടുത്തത്. കോഹ്ലി 89 റണ്‍സെടുത്ത് നായകന്‍റെ പ്രകടനം കാഴ്ച്ചവെച്ചു.

പരമ്പരയില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടിയ കോഹ്ലി ഇന്ത്യ ജയിച്ച രണ്ട് മത്സരങ്ങളിലും നിര്‍ണായക പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതാണ് കോഹ്ലിയെ ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുത്തത്. നേരത്തെ രാജ്‌കോട്ടില്‍ 78 റണ്‍സായിരുന്നു കോഹ്ലി നേടിയത്.